വന്യമൃഗശല്യ പ്രതിരോധത്തിന് ശാസ്ത്രീയ ഗവേഷണം അനിവാര്യം: എം.കെ. രാഘവന് എംപി
1509219
Wednesday, January 29, 2025 5:06 AM IST
കോഴിക്കോട്: വന്യമൃഗശല്യത്തെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ശാസ്ത്രീയ ഗവേഷണത്തിന് കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങള്‍ തയാറാവണമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എം.കെ. രാഘവന് എംപി. അകാലത്തില്‍ പൊലിഞ്ഞ യുവ മാധ്യമപ്രവര്ത്തകന് ജിബിന്‍ പി. മൂഴിക്കലിന്റെ ഒമ്പതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് മാധ്യമ സുഹൃദ്സംഘം സംഘടിപ്പിച്ച "ജിബിന്‍ ഓര്‍മ്മ' സംവാദ പരിപാടിയില്‍
"കാടിറങ്ങുന്ന ഭീതി' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മനുഷ്യ ജീവന് നഷ്ടപ്പെടുത്തി കൊണ്ട് വന്യമൃഗ പരിരക്ഷ വേണോയെന്നത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവമായി ചിന്തിക്കണമെന്ന് എംപി അഭിപ്രായപ്പെട്ടു. ഇതിനായി കൃത്യമായ കര്‍മ്മ പദ്ധതിയും തുടര്‍ പ്രവര്‍ത്തനങ്ങളും വേണം. വന്യമൃഗശല്യ പ്രതിരോധത്തിനായുള്ള ശാസ്ത്രീയ ഗവേഷണത്തിന്റെ ആവശ്യകത സംബന്ധിച്ച് പാര്‍ലമെന്റില്‍ വിഷയമുന്നയിക്കും.
വന്യജീവികള്‍ നിര്‍ബാധം കാടിറങ്ങുമ്പോള്‍ ഫലപ്രദമായും സമയബന്ധിതമായും ഫെന്‍സിംഗ് നടപ്പാക്കാന്‍ പോലും നടപടിയുണ്ടാവുന്നില്ല. വന്യമൃഗശല്യത്തെയും മനുഷ്യ വന്യജീവി സംഘര്‍ഷത്തെയും നേരിടാന്‍ വനംവകുപ്പും സര്‍ക്കാറും പ്രായോഗിക നടപടികള്‍ സ്വീകരിക്കുന്നില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേല്‍ക്കൈ നേടുന്ന ഇക്കാലത്ത് എന്തുകൊണ്ട് കേരളം സാങ്കേതിക വിദ്യയെ വന്യജീവി ശല്യപ്രതിരോധത്തിനായി പ്രയോജനപ്പെടുത്തില്ല എന്നത് അതിശയകരമാണ്.
വന്യമൃഗശല്യം കാരണം കര്‍ഷകര്‍ക്ക് വളര്‍ത്തുമൃഗങ്ങളെയും കാര്‍ഷിക വിളകളെയും മാത്രമല്ല സ്വന്തം ജീവനും നഷ്ടമാവുന്ന സാഹചര്യമാണ്. പ്രശ്നബാധിത സാഹചര്യങ്ങളില്‍ പോലും വനംവകുപ്പ് നോക്കുകുത്തിയായി നില്‍ക്കുകയാണെന്നും എംപി പറഞ്ഞു.
ചടങ്ങില്‍ കമാല്‍ വരദൂര്‍, അരുണ്‍ തോമസ്, സജീവന് കല്ലേരി, രമേശ് കോട്ടൂളി എന്നിവര്‍ സംസാരിച്ചു. കാലിക്കട്ട് പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഇ.പി.മുഹമ്മദ്, സെക്രട്ടറി പി.കെ. സജിത്ത്, മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ ചെയര്മാന് സി.ഇ. ചാക്കുണ്ണി, ദര്‍ശനം ഗ്രന്ഥശാല സെക്രട്ടറി എം.എ. ജോണ്സണ് തുടങ്ങിയവര്‍ പങ്കെടുത്തു.