മാലിന്യ സംഭരണകേന്ദ്രങ്ങളില്‍ തീപിടിത്ത സാധ്യത : തദേശ സ്ഥാപനങ്ങള്‍ക്കു സര്‍ക്കാരിന്റെ മുന്നറിയിപ്പ്
1509497
Thursday, January 30, 2025 4:55 AM IST
കോഴിക്കോട്: അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മാലിന്യ സംഭരണ കേന്ദ്രങ്ങളിലും മാലിന്യം തള്ളുന്ന മറ്റു സ്ഥലങ്ങളിലും തീപിടിത്തമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് തദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു സര്‍ക്കാരിന്റെ മുന്നറിയിപ്പ്.
തീപിടിത്തം തടയാനുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വീഴ്ച സംഭവിച്ചാല്‍ തദേശ സ്ഥാപന മേധാവി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, സെക്രട്ടറി എന്നിവരായിരിക്കും ഉത്തരവാദികളെന്നും തദേശ സ്വയംഭരണ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു.
സമീപകാലങ്ങളില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും മാലിന്യ സംഭരണ-സംസ്കരണ കേന്ദ്രങ്ങളിലുണ്ടായ വന്‍ തീപിടിത്തം ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമായിരുന്നു. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തം ആഴ്ചകളോളം കൊച്ചിയെയും സമീപജില്ലകളെയും മുള്‍മുനയില്‍ നിറുത്തിയിരുന്നു.
വര്‍ഷം ചെല്ലുന്തോറും അന്തരീക്ഷ താപനില വര്‍ധിക്കുന്ന സാഹചര്യത്തില്‍ വേനല്‍ കടുക്കുന്നതിനു മുമ്പു തന്നെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. മാലിന്യ സംഭരണ കേന്ദ്രങ്ങളിലെ തീപിടിത്തം തടയാന്‍ 2021 മുതല്‍ തദേശസ്വയംഭരണ വകുപ്പ് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു വരുന്നുണ്ട്.
ഫയര്‍ ഓഡിറ്റ് പൂര്‍ത്തിയാക്കി ഈ വര്‍ഷം ഫെബ്രുവരിയില്‍ തന്നെ മുന്‍കരുതല്‍ നടപടികള്‍ പൂര്ത്തികരിച്ചിരിക്കണമെന്നാണ് തദേശസ്വയംഭരണ വകുപ്പിന്റെ നിര്‍ദേശം.
മുന്‍കരുതല്‍ നടപടി സ്വീകരിച്ചതു സംബന്ധിച്ച ചെക്ക്ലിസ്റ്റ് എല്ലാ തദേശസ്വയംഭരണ സ്ഥാപനങ്ങളും ഫെബ്രുവരി അഞ്ചിനകം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സമര്‍പ്പിക്കണം. മാലിന്യ സംഭരണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് അഗ്നിസുരക്ഷ വിലയിരുത്തുകയാണ് ഫയര്‍ ഓഡിറ്റ് സംഘത്തിന്റെ ദൗത്യം.
വാര്‍ഡ് കൗണ്‍സിലര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, തദേശസ്വയംഭരണ സ്ഥാപന പ്രതിനിധി, ഫയര്‍ ആന്‍ഡ് റെസ്ക്യൂ വകുപ്പ് പ്രതിനിധി, റെസിഡന്റ്സ് അസോസിയേഷന് പ്രതിനിധി എന്നിവരാണ് ഫയര്‍ ഓഡിറ്റ് സംഘത്തില്‍ ഉണ്ടാകേണ്ടത്. സംഘം ഫെബ്രുവരി 10നകം സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സുരക്ഷാ നടപടിക്രമങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് ചെയ്യണം.
പോരായ്മകള്‍ ഫെബ്രുവരി 20നകം പരിഹരിക്കണം. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സ്വീകരിച്ച പ്രവര്‍ത്തനങ്ങളുടെ അവലോകനം ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍പേഴ്സണ്‍ ഫെബ്രുവരി 25 നകം നടത്തണമെന്നും അതിനുശേഷം, ഓരോ രണ്ടാഴ്ച കൂടുമ്പോഴും പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ സംബന്ധിച്ച അവലോകനയോഗം ചേര്‍ന്ന് സര്‍ക്കാരിനും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.