ചെറുവാടി ഗ്രൗണ്ട് ; എംഎൽഎയുടെ പിടിപ്പുകേടിന് പഞ്ചായത്തിനെ കുറ്റപ്പെടുത്തുന്നുവെന്ന്
1509215
Wednesday, January 29, 2025 5:06 AM IST
മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ നിരവധി പേരുടെ കായിക സ്വപ്നങ്ങൾക്ക് കരുത്തു പകരുന്ന ചെറുവാടി ഗ്രൗണ്ട് മാസങ്ങളായി ഉപയോഗ ശൂന്യമായി കിടന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാതിരിക്കുന്ന എംഎൽഎയുടെ നടപടിക്കെതിരേ ജനങ്ങൾ പ്രതികരിച്ചപ്പോൾ വിഷയം പഞ്ചായത്തിന്റെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനുള്ള സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടേയും ശ്രമം ജനങ്ങൾ തിരിച്ചറിയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു പറഞ്ഞു.
ചുള്ളിക്കാപറമ്പ്- ചെറുവാടി - കവിലട റോഡ് പ്രവൃത്തിയുടെ ഭാഗമായി ബദൽ റോഡ് സംവിധാനം ഗ്രൗണ്ടിലൂടെ ഒരുക്കിയതിനാൽ ഒരു വർഷത്തോളമായി ഗ്രൗണ്ട് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഗ്രൗണ്ട് പൂർവസ്ഥിതിയിലാക്കാനുള്ള പൂർണ ഉത്തരവാദിത്വം കരാർ കമ്പനിക്കാണ്. പൊതുമരാമത്ത് അധികൃതരുമായി പഞ്ചായത്ത് പ്രസിഡന്റ് നിരവധി തവണ വിഷയം ഉന്നയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
സ്ഥലം എംഎൽഎയ്ക്ക് എന്തെങ്കിലും ആത്മാർത്ഥത ഉണ്ടായിരുന്നങ്കിൽ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഗ്രൗണ്ട് പൂർവസ്ഥിതിയിലാക്കാൻ നടപടി സ്വീകരിക്കാമായിരുന്നു. എന്നാൽ അതിനായി ചെറുവിരലനക്കാതെ വിഷയം പഞ്ചായത്ത് ഭരണസമിതിയുടെ തലയിൽ കെട്ടി വക്കാനാണ് ശ്രമിക്കുന്നത്.
ഗ്രൗണ്ട് നവീകരണത്തിന് പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി ഒരറിയിപ്പും ഇതുവരെ പഞ്ചായത്തിന് ലഭിച്ചിട്ടില്ല. മാത്രമല്ല സംസ്ഥാന സർക്കാർ 50 ലക്ഷം അനുവദിക്കുമ്പോൾ അതേ പോലെ വിഹിതം നൽകാൻ താരതമ്യേന വരുമാനം കുറഞ്ഞ കൊടിയത്തൂർ പഞ്ചായത്ത് പോലുള്ള പഞ്ചായത്തുകൾക്ക് സാധിക്കില്ലെന്ന് എല്ലാവർക്കും അറിയാമെന്നും എന്നാലും പഞ്ചായത്തിന്റെ കഴിവിനനുസരിച്ച് തുക അനുവദിക്കാൻ ഭരണ സമിതി തയാറാണെന്നും പ്രസിഡന്റ് പറഞ്ഞു.
സത്യാവസ്ഥ ഇതായിരിക്കേ രാഷ്ട്രീയ ലക്ഷ്യം വച്ചും തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുമുള്ള സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടേയും ശ്രമം ജനങ്ങൾ തള്ളിക്കളയുമെന്നും പ്രസിഡന്റ് ദിവ്യ ഷിബു പറഞ്ഞു.