കെപിഎസ്ടിഎ ജില്ലാ സമ്മേളനം ഇന്നു മുതൽ പേരാമ്പ്രയിൽ
1507985
Friday, January 24, 2025 5:06 AM IST
പേരാമ്പ്ര: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്നു മുതൽ പേരാമ്പ്രയിൽ നടക്കും. പേരാമ്പ്ര ടൗൺഹാളിൽ 26ന് പ്രതിനിധി സമ്മേളനത്തോടെ സമാപിക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
ഇന്ന് രാവിലെ ജില്ലാ പ്രസിഡന്റ് ടി.ടി. ബിനു പതാക ഉയർത്തുന്നതോടെ സമ്മേളനം ആരംഭിക്കും. സംസ്ഥാന സെക്രട്ടറി പി.കെ. അരവിന്ദൻ ഉദ്ഘാടനം ചെയ്യും. ടി. അജിത് കുമാർ, കെ. മാധവൻ, വി. സജീവൻ, വി. വിജേഷ് എന്നിവർ അടങ്ങുന്ന പ്രസീഡിയം പരിപാടി നിയന്ത്രിക്കും.
25ന് ഉദ്ഘാടന സമ്മേളനം ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്യും.
കെ. പ്രവീൺ കുമാർ, സംസ്ഥാന ഭാരവാഹികളായ കെ. അബ്ദുൾ മജീദ്, അനിൽകുമാർ വട്ടപ്പാറ, പി.എ. ഗിരിഷ് കുമാർ എന്നിവരും സത്യൻ കടിയങ്ങാട്, മുനീർ എരവത്ത് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിക്കും. 26ന് അധ്യാപക പ്രകടനം, വനിതാ സമ്മേളനം വിദ്യാഭ്യാസ-സാംസ്കാരിക സമ്മേളനം എന്നിവ നടക്കും. 26 ന് പ്രതിനിധി സമ്മേളനം, യാത്രയയപ്പ് സമ്മേളനം എന്നിവയും നടക്കും.
സംഘടന ഭാരവാഹികളായ ഇ.കെ. സുരേഷ്, സജീവൻ കുഞ്ഞോത്ത്, പി. രാമചന്ദ്രൻ, കെ.പി. നാരായണൻ എന്നിവർ പത്ര സമ്മേളനത്തിൽ സംബന്ധിച്ചു.