പ്രഫ. ശോഭീന്ദ്ര ദിനം; ജില്ലാതല ഉദ്ഘാടനം നടത്തി
1461395
Wednesday, October 16, 2024 4:10 AM IST
കോഴിക്കോട്: പ്രഫ. ശോഭീന്ദ്രന്റെ ആശയങ്ങള്‍ വിദ്യാര്‍ഥികള്‍ ജീവിതത്തില്‍ പകര്‍ത്തേണ്ടവയാണെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മനോജ് മണിയൂര്‍. പ്രഫ. ശോഭീന്ദ്രന് ചരമവാര്‍ഷികത്തോടനുബന്ധിച്ച് 'ഹരിതഭവനം' പദ്ധതിയുടെ നേതൃത്വത്തില്‍ ജില്ലയിലെ സ്കൂളുകളില്‍ നടക്കുന്ന ശോഭീന്ദ്ര ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയറ ബിഇഎം യുപി സ്കൂളില്‍ നടന്ന ചടങ്ങില്‍ പ്രഫ. ശോഭീന്ദ്രന് ഫൗണ്ടേഷന് പ്രസിഡന്റ് വടയക്കണ്ടി നാരായണന് അധ്യക്ഷനായി. ഗ്രീന്‍ പാലിയേറ്റീവ് മലപ്പുറം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ലത്തീഫ് കുറ്റിപ്പുറം അനുസ്മരണ പ്രഭാഷണം നടത്തി. ഫൗണ്ടേഷന് വൈസ് പ്രസിഡന്റ് ഷജീര്‍ഖാന്‍ വയ്യാനം, സ്കൂള്‍ പ്രധാനാധ്യാപിക ലൈസമ്മ വര്‍ഗീസ്, ഹരിതഭവനം സിറ്റി ഉപജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി. ആര്. കാവ്യ തുടങ്ങിയവര്‍ സംസാരിച്ചു.
സരസ്വതി ബിജു, സ്മിത ലക്ഷ്മി എന്നിവര്‍ ഹരിത കവിതകള്‍ ആലപിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രഫ. ശോഭീന്ദ്രന് സ്കൂള്‍ ക്യാമ്പസില്‍ നട്ട കണിക്കൊന്ന മരത്തെ ചടങ്ങില്‍ ഡിഡിഇ മനോജ് മണിയൂര്‍ ആദരിച്ചു. ശോഭീന്ദ്ര സ്മൃതി വൃക്ഷമായി ക്യാമ്പസില്‍ കണിക്കൊന്ന തൈ നടുകയും ചെയ്തു.