ലോക ബഹിരാകാശ വാരാചരണം; ഐഎസ്ആർഒ ശാസ്ത്രജ്ഞനുമായി സംവദിച്ച് വിദ്യാർഥികൾ
1460406
Friday, October 11, 2024 4:40 AM IST
മുക്കം: ഒക്ടോബർ 4 മുതൽ 10 വരെ നടക്കുന്ന ലോക ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി ഐഎസ്ആർഒ ശാസ്ത്രജ്ഞനുമായി സംവദിക്കാൻ അവസരം ലഭിച്ചത് പന്നിക്കോട് എയുപി സ്കൂൾ വിദ്യാർഥികൾക്ക് പുതിയ അനുഭവമായി മാറി. തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററിലെ ക്രൂ എസ്കേപ്പ് സിസ്റ്റം ഗംഗയാൻ പ്രോജക്റ്റിന്റെ അസോസിയേറ്റ് പ്രോജക്റ്റ് ഡയറക്ടർ ബി. അൻസാറാണ് വിദ്യാർഥികളുമായി സംവദിച്ചത്.
പൊതു വിദ്യാലയങ്ങൾ നാടിന്റെ എല്ലാ മേഖലയിലുമുള്ള വളർച്ചക്ക് വലിയ സംഭാവനയാണ് നൽകുന്നതെന്നും പൊതുവിദ്യാലയങ്ങൾ നാടിന്റെ സാംസ്കാരിക കേന്ദ്രങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
പന്നിക്കോട് എയുപി സ്കൂൾ 75-ാം വാർഷികാഘോഷം ദ്യുതിയുടെ ഭാഗമായി സ്കൂൾ സയൻസ് ക്ലബാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ പിടിഎ പ്രസിഡന്റ് ബഷീർ പാലാട്ട് അധ്യക്ഷത വഹിച്ചു. മാനേജർ സി. കേശവൻ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി.
പിടിഎ വൈസ് പ്രസിഡന്റ് സി. ഫസൽ ബാബു, പ്രധാനാധ്യാപിക പി.എം. ഗൗരി, മാതൃസമിതി ചെയർപേഴ്സൺ റസീന മജീദ്, സയൻസ് ക്ലബ് കൺവീനർ എൻ. അനുശ്രീ, പി.കെ. ഹഖിം കളൻതോട് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള ഉപഹാരങ്ങൾ ബി. അൻസാർ വിതരണം ചെയ്തു.