ഡിജിറ്റൽ സാക്ഷരത കൈവരിച്ച് ചക്കിട്ടപാറ, ക ൂടരഞ്ഞി പഞ്ചായത്തുകൾ
1459478
Monday, October 7, 2024 5:45 AM IST
പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിച്ചു. ഡിജി കേരളം പദ്ധതിയുടെ ഭാഗമായി 15 വാർഡുകളിൽ നിന്നും സർവേ നടത്തി കണ്ടെത്തിയ പഠിതാക്കൾക്ക് പരിശീലനവും മൂല്യനിർണയവും നൽകുകയുണ്ടായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് കെ. സുനിലാണ് പ്രഖ്യാപനം നടത്തിയത്. ഭരണസമിതി അംഗങ്ങളായ ജിതേഷ് മുതുകാട്, വി.കെ. ബിന്ദു, സി.കെ. ശശി, ഇ.എം. ശ്രീജിത്ത്, അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സീന, അജിത, പദ്ധതി മേൽനോട്ട ജീവനക്കാരൻ അനുനാഥ് എന്നിവർ പ്രസംഗിച്ചു. ഭരണസമിതി അംഗങ്ങളും പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്റർ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ നേട്ടം കൈവരിച്ചതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ പ്രഖ്യാപിച്ചു. 4944 വീടുകൾ സർവേ ചെയ്യുകയും 760 ഡിജിറ്റൽ സാക്ഷരതാ പഠിതാക്കളെ കണ്ടെത്തുകയും അവർക്ക് പരിശീലനം നൽകുകയും ചെയ്തു.
ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, ഉദ്യോഗസ്ഥർ, നോഡൽ പ്രേരക് എന്നിവരുടെ പ്രവർത്തനത്തിലൂടെയാണ് പദ്ധതി പൂർത്തീകരിച്ചത്. കൂടരഞ്ഞി കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസ്, മെമ്പർമാരായ മോളി തോമസ്, സീന ബിജു, എൽസമ്മ ജോർജ്, ബാബു മൂട്ടോളി എന്നിവർ പ്രസംഗിച്ചു.