കഞ്ചാവ് വില്പന പതിവാക്കിയ ബംഗാൾ സ്വദേശി അറസ്റ്റിൽ
1459469
Monday, October 7, 2024 5:30 AM IST
കോഴിക്കോട്: കഞ്ചാവു വില്പന പതിവാക്കിയ ബംഗാൾ സ്വദേശിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ മാൽഡ ജില്ലയിലെ റത്വവ സ്വദേശി മുഹമ്മദ് മസൂദ് ദുലാലി (46) നെയാണ് കോഴിക്കോട് എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
മുക്കം - അരീക്കോട് റോഡിൽ ഗോതന്പ് റോഡ് വച്ചാണ് ഇയാളെ പിടികൂടിയത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. രാജീവും സംഘവും കഴിഞ്ഞ ദിവസം വൈകീട്ട് പട്രോളിംഗ് നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ ഇയാളെ കാണുകയായിരുന്നു. പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.
കഴിഞ്ഞ രണ്ടു വർഷമായി ഇയാൾ പ്രദേശത്ത് കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മുക്കത്തുനിന്നും കിലോയ്ക്ക് 20,000 രൂപ നിരക്കിൽ കഞ്ചാവ് വാങ്ങുന്ന പ്രതി ചെറുകിട വിൽപ്പനയിലൂടെ കിലോയ്ക്ക് 40,000 രൂപ വരെ സന്പാദിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ടി.കെ. സഹദേവൻ, മനോജ് കുമാർ, സി.പി. ഷാജു, എക്സൈസ് ഇൻസ്പെക്ടർമാരായ പി.കെ. സതീഷ്, വി.വി. വിനു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.