കുട്ടികളില്‍ പഞ്ചസാര ഉപയോഗം കൂടുന്നു; ഷുഗര്‍ ബോര്‍ഡ് പദ്ധതിയുമായി സര്‍ക്കാര്‍
1459271
Sunday, October 6, 2024 5:05 AM IST
കോഴിക്കോട്: വിദ്യാര്‍ഥികളില്‍ പഞ്ചസാര ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഷുഗര്‍ ബോര്‍ഡ് പദ്ധിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ജില്ലയിലെ എല്ലാ സ്കൂളുകളിലും ബോധവത്കരണ ബോര്‍ഡുകള്‍ സ്ഥാപിച്ചാണ് പദ്ധതിക്കു തുടക്കം കുറിച്ചിരിക്കുന്നത്. ഇന്നലെ നടന്ന ഭക്ഷ്യ സുരക്ഷാ ഉപദേശക സമിതി യോഗത്തില്‍ 40 സ്കൂളുകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാമെന്ന് ലയണ്‍സ് ക്ലബ് ഇന്റര്‍ നാഷണല്‍ അറിയിച്ചു.
പഞ്ചസാരയുടെ അമിതമായ ഉപയോഗം പ്രമേഹം, പൊണ്ണത്തടി, ഹൃദ്രോഗങ്ങള്‍, മാനസിക പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നുണ്ട്. ഒരാള്‍ക്ക് ഒരു ദിവസം പരമാവധി പതിനഞ്ചു ഗ്രം പഞ്ചാസാര മാത്രമാണ് ഐസിഎംആര്‍ ശിപാര്‍ശ ചെയ്തിട്ടുള്ളത്. ഇതു രണ്ടുനേരത്തെ ചായയിലൂടെയോ പാനീയങ്ങളിലൂടെയോ നമുക്ക് ലഭിക്കും. ലഘു പാനിയങ്ങളില്‍ പത്തു മുതല്‍ പതിനഞ്ചു ശതമാനം വരെ പഞ്ചസാരയുണ്ട്.
ഇടവേളകളില്‍ കുടിക്കുന്ന ജ്യൂസില്‍ 40 ഗ്രാം വരെയാണ് പഞ്ചസാര. ഇതു ആരോഗ്യത്തിനു ഹാനികരമാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. ലഘുപാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് സ്കൂളുകളിലെ ബോധവത്കരണ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ച് അവബോധം സൃഷ്ടിക്കാനാണ് തീരുമാനം.