കല്ലാനോട്ടെ കേരളാ കോൺഗ്രസ് -എം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു
1575259
Sunday, July 13, 2025 5:34 AM IST
കൂരാച്ചുണ്ട്: കേരളാ കോൺഗ്രസ് -എം കല്ലാനോട് മണ്ഡലം കമ്മിറ്റിയുടെ ഭാരവാഹികളായിരുന്നവർ അടക്കം അൻപതോളം കുടുംബങ്ങൾ അടങ്ങുന്ന പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. കൂരാച്ചുണ്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാനോട് ആറ്, ഏഴ് വാർഡുകളുടെ കുടുംബ സംഗമത്തോടനുബന്ധിച്ചു.
ഇന്നലെ നടന്ന സമ്മേളനത്തിൽ പാർട്ടിയിൽ ചേർന്നവരെ ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ ഷാൾ അണിയിച്ച് സ്വീകരിച്ചു.
സമ്മേളനത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. മലയോര മേഖലയിലെ ജനതയെ ബാധിക്കുന്ന ജലസേചന വകുപ്പിന്റെ ബഫർസോൺ പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് -എം കല്ലാനോട് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അടക്കമുള്ളവർ മാസങ്ങൾക്ക് മുമ്പ് കൂട്ടമായി രാജി വയ്ക്കുകയും മണ്ഡലം കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തിരുന്നു.
തുടർന്നാണ് പ്രവർത്തകർ കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. വാർഡ് പ്രസിഡന്റ് കുര്യൻ ചെമ്പനാനി അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് കെ.രാജീവൻ, മണ്ഡലം പ്രസിഡന്റ് ജോസ് വെളിയത്ത്, ഡിസിസി ജനറൽ സെക്രട്ടറി അഗസ്റ്റിൻ കാരക്കട, വാർഡ് മെമ്പർ സിമിലി ബിജു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം, ഗീതാ ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.