എംടിയുടെ ഓര്‍മയ്ക്ക് ദൃശ്യശില്പവുമായി സബര്‍മതി കലാസാംസ്കാരിക സമിതി
1575073
Saturday, July 12, 2025 5:09 AM IST
കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരിലെ സബര്‍മതി കലാസാംസ്കാരിക സമിതി എം.ടി. വാസുദേവന്‍ നായരുടെ ഓര്‍മയ്ക്കായി എം.ടി. എഴുത്തിന്റെ ആത്മാവ് എന്ന ദൃശ്യശില്പം ഒരുക്കി. പാട്ടും നൃത്തവും നാടകവും ചേര്‍ന്ന ദൃശ്യശില്പത്തിന്റെ അവതരണം ഇന്ന് സബര്‍മതി ഓഡിറ്റോറിയത്തിലും 14ന് കോഴിക്കോട് ടൗണ്‍ ഹാളിലും നടക്കും.
എം.ടി.യുടെ പ്രശസ്ത നോവലുകളിലെ പള്ളിവാളും ചിലമ്പും, ഓളവും തീരവും, മഞ്ഞ്, രണ്ടാമൂഴം,ഇരുട്ടിന്റെ ആത്മാവ്, അക്കല് ദാമയില്‍ പൂക്കള്‍ വിടരുമ്പോള്‍ എന്നീ കൃതികളിലെ കഥാപാത്രങ്ങളെ വേദിയില്‍ എത്തിക്കും.
ഇരുട്ടിന്റെ ആത്മാവിലെ വേലായുധനും ഓളവും തീരത്തിലെ ബാപ്പുട്ടിയും സൈനബയും മഞ്ഞിലെ വിമലയും പള്ളിവാളും ചിലമ്പിലെ വെളിച്ചപ്പാടും രണ്ടാമൂഴത്തിലെ ഭീമനും ദ്രൗപദിയും അക്കല്ദാമലയിലെ പൂക്കള്‍ വിടരുമ്പോളിലെ യുദാസും പുതിയ കാലത്തില്‍ എം.ടിയോടു സംവദിക്കുന്ന രീതിയിലാണ് രചനയും രംഗഭാഷയും നിര്‍വഹിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.അക്ബര്‍ കക്കട്ടിലിന്റെ സ്നേഹിതന്മാര് എന്ന ചെറുകഥയെ ആസ്പദമാക്കി ഒരു കോയിക്കോടന്‍ ഹല്‍വ എന്ന നാടകവും അരങ്ങേറും.
ഇന്ന് സബര്‍മതി ഓഡിറ്റോറിയത്തില്‍ നാടകം അവതരിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ രമേശ് കാവില്‍, അജയ് ഗോപാല്‍, ആംസിസ് മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.