പണിമുടക്ക് ദിനത്തിലെ അനിഷ്ട സംഭവങ്ങൾ; വിവാദമൊടുങ്ങാതെ മുക്കം
1575083
Saturday, July 12, 2025 5:13 AM IST
മുക്കം: സംയുക്ത തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത പൊതുപണിമുടക്കിനിടെ സിപിഎം, ഡിവൈഎഫ്ഐ നേതാക്കളുടെ നേതൃത്വത്തിൽ മുക്കത്തുണ്ടായ സംഭവ വികാസങ്ങളിൽ വിവാദം ഇനിയും അവസാനിച്ചില്ല. മുക്കം മത്സ്യ മാർക്കറ്റിൽ മത്സ്യ വിൽപ്പനക്കാരനെ നിർബന്ധിച്ച് അടപ്പിച്ചതും മണ്ണണ്ണ ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയതും മിനി സിവിൽ സ്റ്റേഷനിൽ ജീവനക്കാരനെ ഭീഷണിപ്പെടുത്തയതുമെല്ലാം നേരത്തെ വിവാദമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട ട്രോളുകൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്.
അതിനിടെ സിപിഎമ്മിന്റെത് ഗുണ്ടായിസമാണെന്നാരോപിച്ച് മുസ്ലീം ലീഗ് പ്രവർത്തകർ മുക്കത്ത് പ്രകടനം നടത്തി. മുക്കം നഗരസഭ, കാരശേരി പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പ്രകടനം.
തിരുവമ്പാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറിമാരായ ദാവൂദ് മുത്താലം, ഗഫൂർ കല്ലുരുട്ടി, എ.കെ. സാദിഖ്, മുക്കം നഗരസഭ മുസ്ലിം ലീഗ് പ്രസിഡന്റ് എ.എം. അബൂബക്കർ, ജനറൽ സെക്രട്ടറി ഐ.പി. ഉമ്മർ, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.ടി. സെയ്ദ് ഫസൽ, മുനീർ മുത്താലം, ഗസീബ് ചാലൂളി തുടങ്ങിയവർ നേതൃത്വം നൽകി.
അതേ സമയം ദേശീയ പണിമുടക്കിനെ തുടർന്ന് സിപിഎമ്മിനെതിരേ നടക്കുന്ന അപവാദ പ്രചാരണങ്ങൾക്കെതിരേ മുക്കത്ത് പ്രതിഷേധ പ്രകടനവും,പൊതുയോഗവും സംഘടിപ്പിച്ചു. സിപിഎം തിരുവമ്പാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം മുക്കം ബസ് സ്റ്റാൻഡിൽ സമാപിച്ചു. സിപിഎം ഏരിയ സെക്രട്ടറി വി.കെ വിനോദ് ഉദ്ഘാടനം ചെയ്തു. ജോണി എടശേരി അധ്യക്ഷത വഹിച്ചു.