മലയോരത്ത് മത്സരാവേശം : മലബാർ റിവർ ഫെസ്റ്റിവൽ ഓഫ് റോഡ് ഫൺ ഡ്രൈവ് ഇന്നു മുതല്‍
1575072
Saturday, July 12, 2025 5:09 AM IST
കോടഞ്ചേരി: ടൂറിസംവകുപ്പ് സംഘടിപ്പിക്കുന്ന 11-ാം മലബാർ റിവർ ഫെസ്റ്റിവൽ 24 മുതൽ 27 വരെ കോടഞ്ചേരി പഞ്ചായത്തിലെ ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായി നടക്കും.
തദ്ദേശസ്വയംഭരണവകുപ്പുമായി സഹകരിച്ച് കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിലാണ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യൻ കയാക്കിംഗ് ആൻഡ് കനോയിംഗ് അസോസിയേഷൻ ആണ് പരിപാടിയുടെ സാങ്കേതികനിയന്ത്രണം നിർവഹിക്കുകയെന്നും വിവിധസംസ്ഥാനങ്ങളിൽനിന്നും 17 രാജ്യങ്ങളിൽനിന്നുമുള്ള കായാക്കർമാർ ഫെസ്റ്റിവലിൽ പങ്കാളികളാകുമെന്നും സംഘാടകർ അറിയിച്ചു.
പ്രചാരാണർഥം വ്യത്യസ്ത മത്സരങ്ങളും പരിപാടികളും നടത്തുന്നു. ഇന്ന് രാവിലെ ഒമ്പതിന് തേവര്‍മലയില്‍ ഓഫ് റോഡ് ഫൺ ഡ്രൈവ് നടത്തും. ലിന്റൊ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിക്കും. 14 കയാക്കിംഗ് താരങ്ങൾ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള മുൻനിര കയാക്കിങ് താരങ്ങളും മലബാർ റിവർ ഫെസ്റ്റിവലിൽ പങ്കെടുക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
കയാക്കിംഗ് രംഗത്തെ ഏറ്റവും പ്രമുഖതാരങ്ങളാണ് എത്തുക. രാജ്യത്തെ സാഹസികവിനോദങ്ങളുടെ കേന്ദ്രമായി സംസ്ഥാനത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. മലബാർ റിവർ ഫെസ്റ്റിന്റെ ഭാഗമായി ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും റിവർ റാഫ്റ്റിംഗ് ആരംഭിച്ചു. പാഡിൽ മോങ്ക്സ് അഡ്വഞ്ചറസ് ഉടമയും കയാക്കറുമായ ബിശ്വാസ് രാധിന്റെ നേതൃത്വത്തിലാണ് റിവർ റാഫ്റ്റിംഗ് ആരംഭിച്ചത്. റാഫ്റ്റിൽ ഒരേ സമയം എട്ട് പേർക്ക് യാത്ര ചെയ്യാം.
പാറക്കൂട്ടങ്ങൾ നിറഞ്ഞതും കുത്തൊഴുക്കുമുള്ള പുഴയിലൂടെ റാഫ്റ്റ് ചെയ്യുന്നത് സാഹസികതനിറഞ്ഞതാണ്. റാഫ്റ്റ് നിയന്ത്രിക്കാൻ ഒരാളും സുരക്ഷ ഒരുക്കി മറ്റൊരാൾ കയാക്ക് തോണിയിലും ഒപ്പം ഉണ്ടാകും. ശക്തമായ ഒഴുക്കിൽ പുഴയിലൂടെ തുഴഞ്ഞു പോകുന്ന സംഘങ്ങളെ കാണാൻ പുഴയോരങ്ങളിൽ ഒട്ടേറെപ്പേർ എത്തുന്നുണ്ട്. പുഴകളിൽ നീരൊഴുക്ക് കുറയുന്നത്വരെ എല്ലാ ദിവസങ്ങളിലും റാഫ്റ്റിംഗ് ഉണ്ടായിരിക്കുമെന്ന് ബിശ്വാസ് രാധ് പറഞ്ഞു.