ബേപ്പൂരിൽ മൂന്ന് തീരദേശ റോഡ് നവീകരണത്തിന് ഫണ്ട്
1575082
Saturday, July 12, 2025 5:13 AM IST
കോഴിക്കോട്: ബേപ്പൂർ നിയോജക മണ്ഡലത്തിൽ മൂന്ന് തീരദേശ റോഡുകളുടെ നവീകരണ പ്രവൃത്തികൾക്കായി 199.60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
മണ്ഡലത്തിലെ തീരദേശ റോഡുകൾ നവീകരിക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫിഷറീസ് മന്ത്രിക്ക് കത്ത് നൽകിയതിനെ തുടർന്നാണ് തുക അനുവദിച്ചത്.കടലുണ്ടി പഞ്ചായത്തിലെ ശ്രീദേവി സ്കൂൾ ബസ്സ്റ്റോപ്പ് മുതലാരംഭിക്കുന്ന മുരുകല്ലിങ്ങൽ ചീർപ്പ് പുഴയോരം റോഡിന് 77.90 ലക്ഷം രൂപയും
കോർപ്പറേഷൻ പരിധിയിൽ ബേപ്പൂർ മേഖലയിലെ 48-ാം ഡിവിഷനിൽ പാടത്തു പറമ്പ് ഡ്രൈനേജ് കം ഫുട്പാത്ത് നിർമാണത്തിന് 91.50 ലക്ഷം രൂപയും ബേപ്പൂർ മാത്തോട്ടം 53-ാം ഡിവിഷനിൽ മുണ്ടേപ്പാടം റോഡ് നവീകരണത്തിന് 30.20 ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.ഹാർബർ എൻജിനീയറിങ് വകുപ്പിനാണ് എല്ലാ റോഡുകളുടെയും നിർമാണ ചുമതല.
നടപടികൾ പൂർത്തിയാക്കി എത്രയും വേഗം പ്രവൃത്തി ആരംഭിക്കുന്നതിന് നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.