കക്കൂസ് മാലിന്യം ഓടയിൽ ഒഴുക്കി: നാദാപുരത്തെ ഹോട്ടൽ അധികൃതർ പൂട്ടിച്ചു
1458579
Thursday, October 3, 2024 3:47 AM IST
നാദാപുരം: മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾ പടർന്നു പിടിക്കുന്നതു തടയാൻ ആരോഗ്യ വകുപ്പ് കർശന നടപടികൾ സ്വീകരിക്കുന്നതിനിടെ നാദാപുരത്ത് കക്കൂസ് മാലിന്യം പൊതു ഓടയിലൊഴുക്കിയ ഹോട്ടൽ ആരോഗ്യ വകുപ്പ് അധികൃതർ പൂട്ടിച്ചു.
ഹോട്ടൽ ഉടമക്കെതിരേ നാദാപുരം പോലീസും കേസെടുത്തു. കല്ലാച്ചി - നാദാപുരം സംസ്ഥാന പാതയിൽ കസ്തൂരി കുളത്ത് പ്രവർത്തിക്കുന്ന ഹോട്ടൽ ഫുഡ് പാർക്കാണ് ആരോഗ്യ വകുപ്പ് അധികൃതർ പൂട്ടിച്ചത്. ബുധനാഴ്ച്ച രാവിലെ സംസ്ഥാന പാതയിൽ അസഹ്യമായ ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ ഓവുചാൽ പരിശോധിക്കുകയായിരുന്നു.
സ്ലാബുകൾ നീക്കി നടത്തിയ പരിശോധനയിൽ ഹോട്ടലിന് അകത്ത് നിന്ന് പിവിസി പൈപ്പ് പൊതു ഓടയിലേക്ക് ഇറക്കി കക്കൂസ് മാലിന്യം തള്ളുന്നതായി കണ്ടെത്തി. കക്കൂസ് മാലിന്യം ഓടയിൽ കെട്ടിക്കിടക്കുന്ന നിലയിലായിരുന്നു.
ഹോട്ടൽ പൂട്ടാൻ ആവശ്യപ്പെട്ടെങ്കിലും ഉടമ തയ്യാറായില്ല. നാട്ടുകാർ പ്രതിഷേധിച്ചതോടെ വാക്കേറ്റമായി. ഇതോടെ നാദാപുരം എസ്ഐ അനീഷ് വടക്കേടത്തിന്റെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തി. തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതരെത്തി ഹോട്ടൽ പൂട്ടിക്കുകയായിരുന്നു.