ഓരോ വിദ്യാലയവും അറിവിന്റെ കേന്ദ്രമായി മാറണം: മന്ത്രി എ.കെ. ശശീന്ദ്രൻ
1457773
Monday, September 30, 2024 5:12 AM IST
താമരശേരി: മാറുന്ന ലോകത്തിലെ നൂതന പ്രവണതകൾ നമ്മുടെ പ്രദേശവും സ്വായത്തമാക്കേണ്ടതുണ്ടെന്നും അറിവിന്റെ കേന്ദ്രമായി ഓരോ വിദ്യാലയവും മാറേണ്ടതുണ്ടെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. പരപ്പൻപൊയിൽ രാരോത്ത് ഗവ. മാപ്പിള ഹൈസ്കൂളിന്റെ നൂറാം വാർഷികാഘോഷ സമാപനവും സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നൂറു വർഷം പ്രായമുള്ള സ്കൂൾ ഒരു നാടിന്റെ വിവിധ തലമുറകളെ വിദ്യാസമ്പന്നരാക്കിയ വിദ്യാലയമാണ്. അങ്ങനെ നാടിന്റെ അഭിമാനമായി സ്കൂൾ മാറുന്നു. ഇന്ന് ലോകം അതിവേഗം മാറുകയാണ്. ആ മാറ്റത്തിന് അനുസരിച്ചുള്ള വികസനം നമ്മുടെ പ്രദേശത്തും വരണമെങ്കിൽ നാട്ടിലെ വിദ്യാലയം അറിവിന്റെ കേന്ദ്രമായി മാറേണ്ടതുണ്ട്.
എല്ലാ വിഭാഗം ജനങ്ങളും അതിനായി പരിശ്രമിക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രാരോത്ത് സ്കൂളിനെ ഹയർസെക്കൻഡറിയായി ഉയർത്തുമെന്ന് അധ്യക്ഷത വഹിച്ചു സംസാരിച്ച എം.കെ. മുനീർ എംഎൽഎ പറഞ്ഞു. പ്രധാനാധ്യാപിക എം. ജഗന്ദിനി റിപ്പോർട്ട് അവതരിപ്പിച്ചു. കൊടുവള്ളി നഗരസഭ ചെയർമാൻ അബ്ദു വെള്ളറ,
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ്, താമരശേരി പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ, ജില്ലാ പഞ്ചായത്ത് അംഗം പി.ടി.എം. ഷറഫുന്നിസ, താമരശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദ ബീവി, പിടിഎ പ്രസിഡന്റ് എം.ടി. അയൂബ്ഖാൻ തുടങ്ങിയവർ പ്രസംഗിച്ചു.