ഷിരൂർ മണ്ണിടിച്ചിൽ ദുരന്തം; അർജുനെ കണ്ടെത്താൻ സാധ്യത തെളിയുന്നു
1454344
Thursday, September 19, 2024 4:31 AM IST
നദിയിൽ തെരച്ചിൽ നടത്താനുള്ള ഡ്രഡ്ജർ കാർവാർ തുറമുഖത്തെത്തി
കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ തെരയാനുള്ള ഡ്രഡ്ജറുമായി ഗോവയിൽ നിന്നു പുറപ്പെട്ട ടഗ് ബോട്ടുകൾ പ്രതികൂല കാലാവസ്ഥ തരണം ചെയ്ത് ഇന്നലെ ഉച്ചകഴിഞ്ഞ് കാർവാർ തുറമുഖത്ത് എത്തി.
ഇവിടെനിന്നു ഗംഗാവലി നദിയിലെ രണ്ടു പാലങ്ങൾ കടന്ന്, പുഴയിലേക്ക് മണ്ണിടിഞ്ഞുവീണ സ്ഥലത്ത് എത്തും. ചൊവ്വാഴ്ച പുലർച്ചെ അഞ്ചോടെയാണ് ടഗുകൾ ഗോവയിൽ നിന്നു പുറപ്പെട്ടത്. അന്നു രാത്രിയിലുണ്ടായ ശക്തമായ കാറ്റിൽ കടൽ പ്രക്ഷുബ്ധമായതിനാൽ പ്രതീക്ഷിച്ചതിലും സാവധാനമായിരുന്നു ടഗുകളുടെ യാത്ര.
ഗംഗാവലി നദിയിലെ ജലനിരപ്പും ഒഴുക്കും പരിശോധിച്ചശേഷം വരും ദിവസം ടഗ് ബോട്ടുകൾ കാർവാറിൽ നിന്നു നദിയിലൂടെ മണ്ണിടിഞ്ഞ സ്ഥലത്തേക്കു പുറപ്പെടും. ഗംഗാവലി നദിക്കു കുറുകെയുള്ള രണ്ടു പാലങ്ങൾ കടന്നുവേണം ടഗുകൾക്ക് ലക്ഷ്യ സ്ഥാനത്തെത്താൻ. കടൽ പ്രക്ഷുബ്ധമാണെങ്കിൽ നദിയിൽ ജലനിരപ്പ് ഉയരും.
അങ്ങനെ സംഭവിച്ചാൽ ടഗുകൾക്കു പാലത്തിനടിയിലൂടെ കടന്നുപോകാൻ കഴിയില്ല. ഗംഗാവലി നദിക്ക് ആവശ്യത്തിന് ആഴമുള്ളതിനാൽ ടഗുകൾ നദിയുടെ അടിത്തട്ടിൽ തട്ടില്ല. പക്ഷെ രണ്ടു ടഗുകളിലായി ഉറപ്പിച്ചിരിക്കുന്ന ഡ്രെഡ്ജറിന്റെ ക്രെയിനും മറ്റു യന്ത്രസാമഗ്രികളും പാലത്തിൽ തട്ടാൻ സാധ്യതയുള്ളതിനാൽ വേലിയിറക്ക സമയത്ത് നദിയിലെ ജലനിരപ്പ് താഴുന്പോൾ സുരക്ഷിതമായി പാലത്തിനടിയിലൂടെ കടത്തിക്കൊണ്ടുപോകാനാണ് അധികൃതരുടെ ശ്രമം.
ടഗ് ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിക്കാതെ നദിയിലൂടെ ഡ്രെഡ്ജർ എത്തിക്കുകയെന്നതു സാങ്കേതികമായി ഏറെ ശ്രമകരമായ ദൗത്യമാണ്. നദിക്ക് നല്ല ആഴമുണ്ടെങ്കിലും അടിത്തട്ടിൽ പാറക്കൂട്ടങ്ങളുണ്ട്. മണ്ണിടിച്ചിലിൽ ഒലിച്ചുവന്ന കൂറ്റൻ മരങ്ങളും നദിയുടെ അടിത്തട്ടിൽ അടിഞ്ഞിട്ടുണ്ട്.
ഇവയിലൊന്നും തട്ടാതെ ടഗ് ബോട്ടുകൾ നദിയിലൂടെ കൊണ്ടുവരാനുള്ള സഞ്ചാരപാത കണ്ടെത്താൻ ഡ്രെഡ്ജിംഗ് കന്പനി ഹൈഡ്രോഗ്രാഫിക് സർവേ നടത്തിയിട്ടുണ്ട്. ഈ സഞ്ചാരപാതയിലൂടെയാണ് ടഗ് ബോട്ടുകൾ സഞ്ചരിക്കുക. നാവികസേന നടത്തിയ സോണാർ പരിശോധനയിൽ ലോഹ ഭാഗങ്ങൾ കണ്ടെത്തിയ സ്ഥലത്താണ് ഡ്രെഡ്ജർ ഉപയോഗിച്ചു തിരച്ചിൽ നടത്തുക. നാവികസേന ഇന്ന് നദിയിലെ ഒഴുക്ക് പരിശോധിക്കും. അതിനുശേഷമാണ് തെരച്ചിൽ ആരംഭിക്കുക. ടഗ് ബോട്ടുകൾ നദിയിൽ ഉറപ്പിച്ചു നിറുത്തിയായിരിക്കും ഡ്രെഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ.
അർജുന്റെ കുടുംബത്തിന്റെയും കേരള സർക്കാരിന്റെയും സമ്മർദത്തെ തുടർന്നാണ് ഡ്രഡ്ജർ ഉപയോഗിച്ച് തെരച്ചിൽ നടത്താൻ കർണാടക സർക്കാർ തീരുമാനിച്ചത്. അതിനിടെ, ഗംഗാവലി നദിയിൽ കാണാതായ മറ്റു ആളുകൾക്കു വേണ്ടിയും തെരച്ചിൽ നടത്തണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്ത് എത്തിയിട്ടുണ്ട്.
നാവികസേനയുടെയും മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുടെയും സഹായം തേടണമെന്നു അർജുൻ ഓടിച്ച ഭാരത് ബെൻസ് ലോറിയുടെ ഉടമ മനാഫിന്റെയും അർജുന്റെ ബന്ധുക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 16നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. പ്രതികൂല കാലാവസ്ഥ കാരണം ഇടയ്ക്കുവച്ച് അർജുനു വേണ്ടിയുള്ള തെരച്ചിൽ നിറുത്തിവയ്ക്കുകയായിരുന്നു. രണ്ടാഴ്ചയായി ഷിരൂരിൽ തെളിഞ്ഞ കാലാവസ്ഥയാണ്.
ഗംഗാവലി നദിയിലെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് അർജുന്റെ ബന്ധുക്കളുടെ അഭ്യർഥന പരിഗണിച്ച് ഡ്രെഡ്ജർ എത്തിച്ചു തെരച്ചിൽ നടത്താൻ കർണാടക സർക്കാർ തീരുമാനിച്ചത്.