ഇഎസ്എയിൽനിന്ന് ജനവാസമേഖലയെ പൂർണമായും ഒഴിവാക്കണം: ടി.എം. ജോസഫ്
1454048
Wednesday, September 18, 2024 4:24 AM IST
കൂരാച്ചുണ്ട്: പരിസ്ഥിതി ലോല മേഖല നിർണയത്തിനുള്ള കരട് രേഖയിൽ ജനവാസ മേഖലകൾ ഉൾപ്പെട്ടതായി കാണുന്ന സാഹചര്യത്തിൽ ജനവാസ മേഖലയെ പൂർണമായി ഒഴിവാക്കണമെന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശത്തെ പരിഗണിക്കാത്ത നടപടി തിരുത്തി ജനവാസ മേഖലയെ പൂർണമായി ഒഴിവാക്കണമെന്ന് കേരളാ കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് ആവശ്യപ്പെട്ടു.
കേരളാ കോൺഗ്രസ്-എം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി മന്ത്രാലയത്തിലേക്ക് 10001 കത്തുകൾ അയക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കൂരാച്ചുണ്ടിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇഎസ്എയുമായി ബന്ധപ്പെട്ട ഡോക്യുമെന്റുകൾ പൊതുജനത്തിന് മനസിലാകുന്ന ഭാഷയിൽ കേരളാ ബയോഡൈവേഴ്സിറ്റി ബോർഡിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും വില്ലേജുകളിലെ വനമേഖലയെയും റവന്യൂ മേഖലയെയും വിഭജിച്ച് ഫോറസ്റ്റ് വില്ലേജ് എന്നും റവന്യൂ വില്ലേജ് എന്നും തരംതിരിച്ച് വനപ്രദേശത്തെ മാത്രം ഇഎസ്എയിൽ ഉൾപ്പെടുത്തണമെന്നും ടി.എം. ജോസഫ് പറഞ്ഞു.
കേരള സർക്കാർ നയത്തെ തുരങ്കം വച്ചുകൊണ്ട് ആറാം തവണയും കരടുരേഖ പ്രസിദ്ധീകരിക്കുമ്പോൾ ജനവാസ മേഖലയെ ഇഎസ്എ പരിധിയിൽ ഉൾപ്പെടുത്തുവാൻ കൂട്ടുനിൽക്കുന്ന കാർബൺ ഫണ്ട് ലോബിയുടെ അടിയാളന്മാരായ ഉദ്യോഗസ്ഥ ലോബിയെ നിലക്കു നിർത്തുവാൻ സംസ്ഥാന സർക്കാർ അർജവം കാണിക്കണമെന്നും അദേഹം പറഞ്ഞു.
കെ.എം പോൾസൺ അധ്യക്ഷത വഹിച്ചു. ബേബി കാപ്പുകാട്ടിൽ, കെ.കെ. നാരായണൻ, ബോബി മൂക്കൻതോട്ടം, ജോസഫ് വെട്ടുകല്ലേൽ, ബോബി ഓസ്റ്റിൻ, ആന്റണി ഈരൂരി, ജോസഫ് മൂത്തേടത്ത്, സണ്ണി ഞെഴുകുംകാട്ടിൽ, ബേബി പൂവത്തിങ്കൽ, വിൽസൺ പാത്തിച്ചാലിൽ, ജോസഫ് ജോൺ, കെ.കെ. സന്തോഷ് എന്നിവർ പ്രസംഗിച്ചു.