ഇഎസ്എ മാപ്പിൽ സർക്കാരിന്റെ ജനവഞ്ചനക്കെതിരേ കിഫ പ്രക്ഷോഭത്തിലേക്ക്
1453241
Saturday, September 14, 2024 4:43 AM IST
കോഴിക്കോട്: കേരളത്തിലെ 131 വില്ലേജുകളെ ഉൾപ്പെടുത്തിക്കൊണ്ട് പരിസ്ഥിതി ദുർബല മേഖലകളുടെ (ഇഎസ്എ) കരട് വിജ്ഞാപനം 2024 ജൂലൈ 31ന് കേന്ദ്രസർക്കാർ വീണ്ടും പുതുക്കി ഇറക്കിയിരിക്കുന്നു.
കേരളത്തിലെ പരിസ്ഥിതി ദുർബല മേഖലകളിൽ നിന്നും ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും പൂർണമായും ഒഴിവാക്കും എന്നതാണ് കേരള സർക്കാരിന്റെ പ്രഖ്യാപിത നിലപാട് എങ്കിലും ആ നിലപാട് കേന്ദ്രത്തെ യഥാവിധി അറിയിക്കാതെ വില്ലേജ് മുഴുവനും ഉൾപ്പെടുത്തണം എന്നുള്ള കേന്ദ്രസർക്കാരിന്റെ നിബന്ധനകൾക്ക് വഴങ്ങുന്ന തരത്തിൽ രണ്ടു മാപ്പുകൾ പ്രസിദ്ധീകരിച്ചുകൊണ്ട് ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ കള്ളക്കളികൾ തുടരുകയാണ്.
ഒരു മാപ്പിൽ വില്ലേജ് മുഴുവനായും ഉൾപ്പെടുത്തിയപ്പോൾ മറ്റൊരു മാപ്പിൽ വില്ലേജിലെ ഇഎസ്എ മാത്രം ഉൾപ്പെടുത്തിയിട്ടുള്ളൂ.ഇതിൽ ഏതാണ് അന്തിമമായി കേന്ദ്രത്തിന് സമർപ്പിക്കാൻ പോകുന്നതെന്ന് ചോദിക്കുമ്പോൾ കേരള സർക്കാരിന് ഉത്തരമില്ല.
എന്ന് മാത്രമല്ല കേന്ദ്രസർക്കാർ വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നത് കേരളത്തിന്റെ മാപ്പുകൾ കേരള ബയോ ഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ ലഭ്യമാണ് എന്നാണ്. എന്നാൽ ബയോഡൈവേഴ്സിറ്റി ബോർഡിന്റെ സൈറ്റിന് പകരം കേരള പരിസ്ഥിതി വകുപ്പിന്റെ സൈറ്റിലാണ് ഇപ്പോൾ പുതിയ മാപ്പുകൾ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഇത് കേന്ദ്ര വിജ്ഞാപനത്തിനു എതിരുമാണ്.
എന്ന് മാത്രമല്ല നാലു മാസങ്ങൾക്ക് മുൻപ് പഞ്ചായത്തുകൾ കൊടുത്ത തിരുത്തലുകൾ വരുത്താതെയാണ് നിലവിൽ പുതിയ മാപ്പ് വീണ്ടും പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇത്തരത്തിൽ തികച്ചും ഉത്തരവാദിത്ത രഹിതമായും ആളുകളിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തിലുമാണ് കേരള സർക്കാർ ഇഎസ്എ വിഷയം കൈകാര്യം ചെയ്യുന്നത്. ഈ വിഷയങ്ങളിൽ വ്യക്തത വരുത്തണമെന്നും കേരളത്തിലെ ഒരിഞ്ച് കൃഷിഭൂമിയും ജനവാസ കേന്ദ്രങ്ങളും ഇഎസ്എയിൽ ഉൾപ്പെടാൻ പാടില്ലെന്നും പ്രഖ്യാപിച്ചുകൊണ്ട് ഈ വിഷയത്തിൽ കിഫ നടത്തുന്ന 'സമര കേരളം' എന്ന പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം 21 ന് വൈകുന്നേും 4.30ന് കോടഞ്ചേരിയിൽ വച്ച് നടത്തുന്നതാണന്ന് കിഫ ജില്ലാ പ്രസിഡന്റ് മനോജ് കുംബ്ലാനി അറിയിച്ചു.
ഇഎസ്എ വിഷയത്തിൽ സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കുകയും വ്യക്തത വരുത്തുകയും ചെയ്തില്ലെങ്കിൽ "സമര കേരളം' പരിപാടി സംസ്ഥാന മുഴുവൻ വ്യാപിപ്പിക്കുന്നതാണെന്ന് കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ അറിയിച്ചു.