ബൈക്ക് വാടകയുമായി ബന്ധപ്പെട്ട തര്‍ക്കം : സിനിമ ലൊക്കേഷനില്‍ പ്രൊഡക്ഷന്‍ മാനേജര്‍ക്ക് മര്‍ദനം
1453239
Saturday, September 14, 2024 4:23 AM IST
കോഴിക്കോട് : സിനിമ ലൊക്കേഷനില്‍ പ്രൊഡക്ഷന്‍ മാനേജര്‍ക്ക് മര്‍ദനം. കോഴിക്കോട് വെള്ളിമാട്കുന്ന് തോട്ടിങ്ങല്‍ തൊടുകയില്‍ ടി.ടി. ജിബുവിനാണ് പരുക്കേറ്റത്.
സംഭവത്തില്‍ അബി ഹംദാന്‍, ഷബീര്‍ എന്നിവരുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേ നടക്കാവ് പോലിസ് കേസെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെ ഷെയ്ന് നിഗം നായകനായ "ഹാല് ' സിനിമയുടെ ലൊക്കേഷനിലാണ് സംഭവം. മലാപ്പറമ്പ് ഇഖ്റ ആശുപത്രിക്ക് എതിര്‍വശത്തുളള ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് അഞ്ചുപേര്‍ മര്‍ദിച്ചത്.
സിനിമയുടെ ആവശ്യത്തിനായി ബൈക്ക് വാടകക്ക് എടുത്തിരുന്നു. ഇതിന്റെ വാടക നല്‍കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് വിവരം. വാടകയായി വലിയ തുക ചോദിച്ചതായും നല്‍കാതിരുന്നതാണ് അക്രമത്തിന് കാരണമെന്നും മര്‍ദ്ദനത്തിന് ഇരയായവര്‍ പറഞ്ഞു.
പ്രൊഡക്ഷന്‍ മാനേജരുടെ മുഖത്ത് ലോഹ വള കൊണ്ടാണ് ഇടിച്ചത്. ചെറിയകത്തി കൊണ്ട് കൈമുട്ടിന് പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ നടക്കാവ് പോലിസ് അന്വേഷണമാരംഭിച്ചു.