എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
1452155
Tuesday, September 10, 2024 4:37 AM IST
നാദാപുരം: വിൽപ്പനക്കായി സൂക്ഷിച്ച മയക്കു മരുന്നുമായി യുവാവ് അറസ്റ്റിൽ. പാനൂർ കല്ലിക്കണ്ടി സ്വദേശി മണത്തണേമ്മൽ അർജുനെ (28) യാണ് വളയം പോലീസും ഡാൻസാഫ് അംഗങ്ങളും ചേർന്ന് കോഴിക്കോട് ജില്ല അതിർത്തിയായ ചെറ്റക്കണ്ടി പാലത്തിനു സമീപത്തുനിന്നു പിടികൂടിയത്. പ്രതിയിൽനിന്ന് അഞ്ചുഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്.
പാറക്കടവ്, വളയം മേഖലകളിൽ മയക്കുമരുന്ന് വിൽപ്പനക്ക് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതിയെന്ന് പോലിസ് പറഞ്ഞു. പ്രതി മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു പ്രതി കുറച്ചു ദിവസമായി പോലീസ് നിരീക്ഷണത്തിലായിരുന്നു. ബംഗളൂരുവിൽനിന്നു എംഡിഎംഎയുമായി പ്രതി സ്കൂട്ടറിൽ വരുന്നുണ്ടെന്ന വിവരത്തെ തുടർന്നു പോലീസ് വാഹന പരിശോധന നടത്തി പിടികൂടുകയായിരുന്നു.
സ്കൂട്ടറും പോലിസ് കസ്റ്റഡിയിലെടുത്തു. വളയം എസ്ഐ എം.പി.വിഷ്ണു, ഡാൻസാഫ് എസ്ഐ മനോജ് രാമത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.