അദാലത്തുകളിലെ ഉത്തരവുകള്‍ നടപ്പാക്കാത്ത ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടി: മന്ത്രി
1451548
Sunday, September 8, 2024 4:51 AM IST
കോഴിക്കോട്: തദ്ദേശ അദാലത്തുകളിലെ ഉത്തരവുകളും തീരുമാനങ്ങളും നടപ്പിലാക്കാന്‍ 'വീണ്ടും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വിമുഖത കാണിക്കുന്ന ഉദ്യോഗസ്ഥര്ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷ് മുന്നറിയിപ്പ് നല്കി.
കോഴിക്കോട് കോര്‍പറേഷന്‍തല തദ്ദേശ അദാലത്ത് മുഹമ്മദ് അബ്ദുറഹ്മാന് സാഹിബ് മെമ്മോറിയല്‍ ജൂബിലിഹാളില്‍ ഉദ്ഘാടനം ചെയുകയായിരുന്നു മന്ത്രി.സാധാരണ ജനങ്ങള്‍ക്ക് വേഗത്തിലും കാര്യക്ഷമമായും സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്.
ഇതിനകം നടത്തിയ അദാലത്തുകളിലെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിലെ പുരോഗതി വിലയിരുത്തിയപ്പോഴാണ് അദാലത്തിൽ വ്യക്തമായ ഉത്തരവുകൾ ഉണ്ടായിട്ടും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അപൂർവം ചില ഉദ്യോഗസ്ഥർ ഉത്തരവുകൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്നതായി ബോധ്യമായത്.
വകുപ്പ് മന്ത്രിയുടെയും ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ അദാലത്തുകളില്‍ വച്ച് പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ നടപ്പിലാക്കാന്‍ തയ്യാറാവാത്ത സമീപനം അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം സത്യസന്ധമായും കാര്യക്ഷമമായും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കുമെന്നും അവരെ അന്യായമായി ദ്രോഹിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്ന കെ സ്മാര്‍ട്ട് സംവിധാനം ഫയല്‍ നീക്കങ്ങളുടെ വേഗവും കാര്യക്ഷമതയും വലിയ തോതില്‍ വര്‍ധിപ്പിച്ചതായും മന്ത്രി പറഞ്ഞു. സംവിധാനം നിലവില്‍ വന്ന ആദ്യ 24 മണിക്കൂറിനകം 29,737 ജനന സര്‍ട്ടിഫിക്കറ്റുകളും 12,751 മരണ സര്‍ട്ടിഫിക്കറ്റുകളും 4915 വിവാഹ സര്‍ട്ടിഫിക്കറ്റുകളും അനുവദിക്കാനായി. വെറും 6.45 മിനുട്ടില്‍ ജനന സര്‍ട്ടിഫിക്കറ്റും 8.54 മിനുട്ടില്‍ മരണ സര്‍ട്ടിഫിക്കറ്റും 23.56 മിനുട്ടില്‍ വിവാഹ സര്‍ട്ടിഫിക്കറ്റും നല്‍കാനായത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ഓണ്‍ലൈനായി നല്കിയ അപേക്ഷയില്‍ തീര്‍പ്പുകല്‍പ്പിച്ച ഏതാനും സര്‍ട്ടിഫിക്കറ്റുകള്‍ മന്ത്രി ചടങ്ങില്‍വച്ച് ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു. കോഴിക്കോട് കോര്പറേഷന് ഹരിതകര്‍മസേന അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കുന്ന ഒരു ലക്ഷം രൂപയുടെ ചെക്ക് ചടങ്ങില്‍ മന്ത്രിക്ക് കൈമാറി.
ഉദ്ഘാടനച്ചടങ്ങില്‍ മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ അഹമ്മദ് ദേവര്‍കോവില്‍, തോട്ടത്തില്‍ രവീന്ദ്രന്, ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ്, കോര്പറേഷന് സ്ഥിരം സമിതി അധ്യക്ഷന്മാര്, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
റോഡിനായി ഭാഗികമായി പൊളിച്ച കെട്ടിടങ്ങൾ ബലപ്പെടുത്താൻ സെക്രട്ടറിക്ക് അനുവാദം നൽകാം
കോഴിക്കോട്: റോഡ് വീതി കൂട്ടലിന്റെ ഭാഗികമായി പൊളിച്ച് നീക്കിയ കെട്ടിടങ്ങളുടെ ശേഷിക്കുന്ന ഭാഗം, വിസ്തൃതിയും നിലകളുടെ എണ്ണവും അധികരിക്കാതെ ബലപ്പെടുത്താൻ തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്ക് അനുമതി നൽകാം. ഇളവ് ലഭിക്കാൻ സ്ഥലം സൗജന്യമായി തന്നെ വിട്ടുനൽകണമെന്നില്ല. ഇതിനായി കെട്ടിടനിർമ്മാണ ചട്ടം 66ൽ ചട്ടഭേദഗതി കൊണ്ടുവരും. കോഴിക്കോട് കോർപറേഷനിലെ വി.ജെ. ശ്രീധരന്റെ പരാതി തീർപ്പാക്കിക്കൊണ്ടായിരുന്നു മന്ത്രി എം.ബി. രാജേഷിന്റെ പ്രഖ്യാപനം.
സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും ഇത് ബാധകമായിരിക്കും. പതിനായിരക്കണക്കിന് പേർക്ക് ഗുണകരമാവുന്ന പൊതുതീരുമാനമാണ് കോഴിക്കോട് കോർപറേഷൻ തദ്ദേശ അദാലത്തിൽ സ്വീകരിച്ചിരിക്കുന്നത്.
കോഴിക്കോട് മാനാഞ്ചിറ - വെള്ളിമാട്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി ശ്രീധരൻ്റെ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചിരുന്നു. ബാക്കിഭാഗം ബലപ്പെടുത്തിയ ശേഷം അപേക്ഷിച്ചപ്പോൾ കെട്ടിട നമ്പർ അനുവദിക്കുന്നില്ലെന്നായിരുന്നു പരാതി. ഇതോടെയാണ് വിഷയം തദ്ദേശ അദാലത്തിൽ എത്തിയത്.