ഉരുൾപൊട്ടൽ വിലങ്ങാടിന് മുസ്ലിം ലീഗിന്റെ സഹായ ഹസ്തം: വിദേശത്തുപോകാന്‍ ആഗ്രഹിക്കുന്ന യുവാക്കളെ പാര്‍ട്ടി സഹായിക്കും
1451539
Sunday, September 8, 2024 4:34 AM IST
നാദാപുരം : ഉരുൾപൊട്ടൽ സംഹാര താണ്ഡവമാടിയ വിലങ്ങാടിനു മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റിയുടെ സഹായ ഹസ്തം കൈമാറി. ദുരിതബാധിതരായ 34 കുടുംബങ്ങൾക്കും ഉരുൾ പൊട്ടലുണ്ടായ മഞ്ഞച്ചീളിയിൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ കുളത്തിങ്കൽ മാത്യുവിന്റെ കുടുംബത്തിനുമാണ് ആശ്വാസ സഹായം നൽകിയത്.
ഒരു കുടുംബത്തിന് 15,000 രൂപ വീതവും മാത്യു മാസ്റ്ററുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയുമാണ് സഹായം.വിലങ്ങാട് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം സഹായധനം കൈമാറി.
പുനരധിവാസം വേഗം സാധ്യമാക്കണമെന്നും ആളുകളെ പഴയ ജീവിതത്തിലേക്ക് മടക്കികൊണ്ട് വരാൻ സർക്കാർ നടപടികൾ വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. വിലങ്ങാട്ടെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ മാത്യു കാണിച്ച വലിയ മനസിന് എത്ര വില കൊടുത്താലും മതിയാവില്ല.
അതിന് വില നിശ്ചയിക്കാൻ ആർക്കും ആവില്ലെന്നും മാത്യുവിന്റെ കുടുംബത്തിന്റെ വേദനയിൽ മുസ്ലിം ലീഗ് പങ്ക് ചേരുന്നുവെന്നും സലാം പറഞ്ഞു. വയനാട് ദുരന്തത്തിൽ സർവവും നഷ്ടപ്പെട്ട 48 യുവാക്കൾക്ക് ദുബായിൽ ജോലി നൽകാൻ മുസ്ലിം ലീഗ് തീരുമാനിച്ചിട്ടുണ്ട്. പാർട്ടി തീരുമാനം വിലങ്ങാട്ടും നടപ്പിലാക്കും.വിദേശത്തേക്ക് പോവാൻ വിലങ്ങാട് താൽപര്യമുള്ള യുവാക്കൾ ഉണ്ടെങ്കിൽ പാർട്ടി സഹായിക്കുമെന്നും പി.എം.എ. സലാം പറഞ്ഞു.
ഫാ. വിൽസൺ മുട്ടത്ത് കുന്നേൽ, ഉമ്മർ പാണ്ടികശാല, പൊട്ടങ്കണ്ടി അബ്ദുള്ള, മുൻ എംഎൽഎ യു.സി. രാമൻ, അഹമ്മദ് പുന്നക്കൽ, സി.വി.എം. വാണിമേൽ സൂപ്പി, നരിക്കാട്ടേരി ടി.ടി.ഇസ്മയിൽ, എൻ.കെ.മൂസ എന്നിവര്‍ പ്രസംഗിച്ചു.