അടിയന്തര ഘട്ടങ്ങളെ നേരിടാൻ പൗരന്മാരെ പ്രാപ്തരാക്കണമെന്ന്
1442179
Monday, August 5, 2024 4:45 AM IST
കോഴിക്കോട്: പ്രകൃതി ദുരന്തങ്ങൾ ഉൾപ്പെടെ അടിയന്തര ഘട്ടങ്ങളെ നേരിടാൻ പൗരന്മാരെ പ്രാപ്തരാക്കുന്നതിന് സ്ഥിരം സംവിധാനം സ്ഥാപിക്കണമെന്ന് വിസ്ഡം യൂത്ത് കോഴിക്കോട് സൗത്ത് ജില്ലാ സമിതി സംഘടിപ്പിച്ച വൈജ്ഞാനിക യുവജന സംഗമം സർക്കാരിനോട് ആവശ്യപ്പെട്ടു.
വിദ്യാർഥികൾക്കും യുവജനങ്ങൾക്കും പാഠ്യപദ്ധതിയുടെ ഭാഗമായി തന്നെ പരിശീലനം ഒരുക്കണം. ഹൈറേഞ്ച്, തീരപ്രദേശം, നഗരം തുടങ്ങി ജനങ്ങൾ താമസിക്കുന്ന ഭൂപ്രകൃതിയുടെ സ്വഭാവമനുസരിച്ച് അനിവാര്യമായ കായിക പരിശീലനം അതത് പ്രദേശങ്ങളിലെ ജനങ്ങൾക്ക് നൽകാൻ പരിശീലന കേന്ദ്രങ്ങളും അനിവാര്യമായ അത്യാധുനിക സംവിധാനങ്ങളും സർക്കാർ തയാറാക്കണമെന്നും സംഗമം കൂട്ടിച്ചേർത്തു.
ദുരിതബാധിതരെ ചേർത്ത് നിർത്താൻ വിസ്ഡം യൂത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതികൾക്ക് സംഗമം അന്തിമ രൂപം നൽകി. വിസ്ഡം യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ദീൻ സ്വലാഹി സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അമീർ അത്തോളി അധ്യക്ഷത വഹിച്ചു.