മലബാർ റിവർ ഫെസ്റ്റിവൽ: നീന്തൽ ചാംപ്യൻഷിപ്പ് സംഘടിപ്പിച്ചു
1438469
Tuesday, July 23, 2024 7:40 AM IST
തിരുവന്പാടി: മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രീ ഇവന്റുകളുടെ ഭാഗമായി തിരുവന്പാടി പഞ്ചായത്ത് കോസ്മോസ് ക്ലബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സംസ്ഥാനതല നീന്തൽ ചാംപ്യൻഷിപ്പ് ജനപങ്കാളിത്തംകൊണ്ടു ശ്രദ്ധേയമായി. മാസ്റ്റേഴ്സ് വിഭാഗ മത്സരങ്ങൾ വേറിട്ടതും ആവേശജനകവുമായി. വനിതാ വിഭാഗത്തിൽ 61 വയസുള്ള ചാത്തമംഗലം വെള്ളന്നൂർ സ്വദേശിനി സ്നേഹപ്രഭയും പുരുഷ വിഭാഗത്തിൽ 70 വയസുള്ള കൊയിലാണ്ടി സ്വദേശി നാരായണും ആയിരുന്നു മത്സരത്തിലെ പ്രധാന ആകർഷണം.
തിരുവന്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്‍സന്റെ അധ്യക്ഷതയിൽ ലിന്റോ ജോസഫ് എംഎൽഎ ചാംപ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ബാല നീന്തൽതാരം റന ഫാത്തിമ വിശിഷ്ടാതിഥിയായിരുന്നു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് ചെന്പകശേരി, കാരശേരി പഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ, തിരുവന്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എ. അബ്ദുറഹ്മാൻ, കെ. എം. ഷൗക്കത്തലി തുടങ്ങിയവർ പ്രസംഗിച്ചു. ചാംപ്യൻഷിപ്പിൽ കോസ്മോസ് തിരുവന്പാടി ഓവറോൾ ചാന്പ്യന്മാരും പുതുപ്പാടി സ്പോർട്സ് ക്ലബ് റണ്ണേഴ്സപ്പുമായി.