ബാലുശേരി റൂട്ടില്‍ സ്വകാര്യ ബസ് പണിമുടക്ക്; യാത്രക്കാര്‍ വലഞ്ഞു
1437217
Friday, July 19, 2024 4:35 AM IST
കോഴിക്കോട്: മോശമായ മാളിക്കടവ് റോഡിലൂടെ സര്‍വീസ് നടത്താന്‍ പറ്റാത്ത സാഹചര്യത്തില്‍ കോഴിക്കോട്-ബാലുശേരി റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കി. തൊഴിലാളികളാണ് സമരം പ്രഖ്യാപിച്ചത്.
കഴിഞ്ഞ കുറച്ചു ദിവസമായി ഈ റൂട്ടില്‍ ബസ് ഗതാഗതം പ്രതിസന്ധിയിലാണ്. അധികൃതര്‍ വിഷയത്തില്‍ ഇടപെടാത്തതാണ് യാത്രക്കാര്‍ക്ക് പ്രതിസന്ധിയുണ്ടാക്കുന്ന തീരുമാനത്തിലേക്ക് തൊഴിലാളികള്‍ എത്തിയത്. വേങ്ങേരിയില്‍ ബൈപാസ് വീതികൂട്ടല്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ബാലുശേരി ബസുകള്‍ മാളിക്കടവ് -തണ്ണീര്‍പന്തല്‍ വഴിയാണ് സര്‍വീസ് നടത്തിവന്നിരുന്നത്.
മാളിക്കടവില്‍ റോഡ് തകര്‍ന്ന് വലിയ ഗര്‍ത്തം രൂപപ്പെട്ടു. കഴിഞ്ഞ ദിവസം ചരക്കുലോറി കുഴിയില്‍ താഴ്ന്നുപോയിരുന്നു.നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്നതിനാല്‍ റോഡ് പൂര്‍ണമായും തകര്‍ന്നു. ഇതിനുപുറമേ കഴിഞ്ഞ ദിവസം പുഴവെള്ളം കയറിയതോടെ ഗതാഗതം നടത്താന്‍ പറ്റാത്ത അവസ്ഥയായി.
ഈ റൂട്ടിലുള്ള ബസുകള്‍ പിന്നീട് മുട്ടോളിയില്‍ നിന്ന് തിരിഞ്ഞ് പറമ്പില്‍ബസാര്‍ വഴിയാണ് സര്‍വീസ് നടത്തിയിരുന്നത്. ഇതു ദൂരക്കൂടുതലുള്ളതിനാല്‍ ബസുകാര്‍ക്ക് ചെലവേറി. ഇതിനിടയില്‍ പറമ്പില്‍ ബസാര്‍ വഴി വരുന്ന ബാലുശേരി ബസുകള്ക്കെതിേര പോലീസ് നടപടിയും തുടങ്ങി. ബസുകളുടെ ഫോട്ടോ പോലീസ് എടുത്തത് ജീവനക്കാരുടെ എതിര്‍പ്പിനിടയാക്കി. ഇതോടെയാണ് ജീവനക്കാര്‍ പണിമുടക്കിലേക്ക് നീങ്ങിയത്.
ബാലുശേരി റൂട്ടിലെ യാത്രാപ്രശ്നം പരിഹരിക്കാന്‍ അധികൃതര്‍ ഇടപെടാത്തതാണ് ബസുടകമുളുടെയും ജീവനക്കാരുടെയും എതിര്‍പ്പിനു വഴിവച്ചത്. ബസുടമകളുമായി അധികൃതര്‍ ചര്‍ച്ച നടത്താന്‍ ഇതുവരെ തയാറായിട്ടില്ലെന്ന് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
ബാലുശേരി റൂട്ടിലെ ഗതാഗത പ്രശ്നം വേഗത്തില്‍ പരിഹരിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നുവെങ്കിലും മെല്ലെപോക്ക് നയമാണ് സ്വീകരിച്ചത്. പ്രശ്നം രൂക്ഷമായിട്ടും ഇതുവരെ സര്‍ക്കാര്‍ സംവിധാനം തിരിഞ്ഞുനോക്കിയിട്ടില്ല. നൂറുകണക്കിനു വാഹനങ്ങളാണ് ബാലുശേരി, നരിക്കുനി, ചേളന്നൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്.
ഇന്നലെ രാത്രിയിലാണ് ഇന്നു പണിമുടക്കുന്ന കാര്യം തൊഴിലാളകിള്‍ വാട്സാപ്പ് സന്ദേശത്തിലൂടെ അറിയിച്ചത്. ഇതുകാരണം ബാലുശേരി റൂട്ടിലുള്ള യാത്രക്കാര്‍ വലഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകളിലും കോളജുകളിലും പോകാന്‍ കഴിഞ്ഞില്ല. നഗരവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരും വലഞ്ഞു. ഓഫീസുകളില്‍ എത്തേണ്ടവരും കുഴങ്ങി.
ചിലര്‍ ബാലുശേരിയില്‍ നിന്ന് താമരശേരി വഴിയാണ് നഗരത്തില്‍ എത്തിയത്. യാത്രാ പ്രശ്നം പരിഹരിക്കാത്ത സര്‍ക്കാര്‍ നപടിക്കെതിരേ പൊതുസമൂഹത്തില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.