തിരുവമ്പാടിയിൽ 37.5 കിലോമീറ്റർ വനാതിർത്തിയിൽ ഫെൻസിംഗ് നിർമിക്കുന്നു
1430389
Thursday, June 20, 2024 5:22 AM IST
തിരുവമ്പാടി: തിരുവമ്പാടിയുടെ വിവിധ പ്രദേശങ്ങളിൽ വന്യജീവി സംഘർഷം വർധിക്കുന്നതിനാൽ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി 37.5 കിലോമീറ്റർ വനാതിർത്തിയിൽ ഫെൻസിംഗ് സ്ഥാപിക്കുന്നു. നിലവിൽ മണ്ഡലത്തിലെ 19 കിലോമീറ്റർ വനാതിർത്തിയിൽ ഫെൻസിംഗ് പൂർത്തിയായിട്ടുണ്ട്.
നബാർഡ് ഫണ്ടിൽ നിന്നു 30 ലക്ഷം രൂപ ചെലവഴിച്ച് 12 കിലോമീറ്ററും വനം വകുപ്പിന്റെ ആർകെവിവിവൈ പദ്ധതിയിൽ 1,25,000 രൂപക്ക് 15.5 കിലോമീറ്ററും എംഎൽഎ ഫണ്ട് ഉപയോഗപ്പെടുത്തി 10 കിലോമീറ്ററുമടക്കമാണ് പദ്ധതി രൂപകൽപന ചെയ്തിട്ടുള്ളത്. മണ്ഡലത്തിലെ വന്യജീവി ആക്രമണങ്ങൾക്ക് വലിയ രീതിയിൽ പരിഹാരമാവുന്ന പദ്ധതിയാണിത്.
ഇതോടൊപ്പം തിരുവമ്പാടി മണ്ഡലത്തിലെ ഇനിയും വികസിപ്പിക്കേണ്ട ഇക്കോ ടൂറിസം കേന്ദ്രങ്ങൾ വർക്കിംഗ് പ്ലാനിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്നതിനും എംഎൽഎ ഫണ്ട് ഉപയോഗപ്പെടുത്തി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് ആർആർടി വാഹനം വാങ്ങുന്നതിനും തീരുമാനിച്ചു.
മുക്കം എംഎൽഎ ഓഫീസിൽ ചേർന്ന യോഗത്തിൽ ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷനായി. കോഴിക്കോട് ഡിഎഫ്ഒ ആഷിഖ് അലി, താമരശേരി ആർഎഫ്ഒ വിമൽ മറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.