ജൽ ജീവൻ മിഷന് റോഡിന് കുറുകെ ഉറപ്പിക്കാതെ കോണ്‍ക്രീറ്റ് ചെയ്തത് അപകടക്കെണിയായി
1429435
Saturday, June 15, 2024 5:26 AM IST
കൂടരഞ്ഞി: ജല്‍ ജീവന് മിഷന് പദ്ധതിക്കായി റോഡില്‍ വിലങ്ങനെ ഭീമന് കുഴിയെടുത്ത് കോണ്‍ക്രീറ്റ് ചെയ്തത് അപകടക്കെണിയായി. കൂടരഞ്ഞി പഞ്ചായത്തിലെ വഴിക്കടവ് - പെരുമ്പൂള റോഡില്‍ വഴിക്കടവ് പാലത്തിനു സമീപവും കുളിരാമുട്ടി മോസ്കിന് സമീപവുമാണ് ക്രോണ്‍ക്രീറ്റ് ചെയ്തഭാഗം ഉറപ്പിക്കാതെയിട്ടിരിക്കുന്നത്.
റോഡിനു കുറുകെ കുഴിയെടുത്ത ഭാഗം മഴയില്‍ കുതിര്‍ന്ന് കിടങ്ങായി മാറിയിരിക്കുകയാണ്. സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകളും ഇവിടെ സ്ഥാപിച്ചിട്ടില്ല. വേഗത്തിലെത്തുന്ന വാഹനങ്ങള്‍ കിടങ്ങില്‍ ചാടിനിയന്ത്രണം വിടുകയാണ്. ഗതാഗത തിരക്കേറിയ റോഡിൽ ഒട്ടേറെ ഇരുചക്രവാഹനങ്ങളാണ് ഇന്നലെ അപകടത്തില്‍പ്പെട്ടത്.
പൂവാറന്‍തോട് ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള പ്രധാന റോഡുകൂടിയാണിത്. ഗതാഗത സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ അടിയന്തരനടപടി വേണമെന്ന് ആര്‍വൈജെഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് അമല്‍ ജോര്‍ജ് മംഗരയില്‍ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ജിന്‍സ് അഗസ്റ്റിന് ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത് താളനാനി, പ്രതീഷ് കമ്പിളി, കെ. അനുരാജ്, അനീഷ് നെല്ലായി, എന്‍.ആര്. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.