ഇഎസ്എ: ചക്കിട്ടപാറ പഞ്ചായത്ത് സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചു
1424403
Thursday, May 23, 2024 5:35 AM IST
ചക്കിട്ടപാറ: പഞ്ചായത്തിൽ ഇഎസ്എ പരിധിയിൽപ്പെട്ട ഭൂ പ്രദേശങ്ങൾ വിദഗ്ധ സമിതി പരിശോധിച്ചു. ചക്കിട്ടപാറ വില്ലേജിൽ 89.88 ചതുരശ്ര കിലോ മീറ്ററും ചെമ്പനോട വില്ലേജിൽ 32.69 ചതുരശ്ര കിലോ മീറ്ററും സ്ഥലങ്ങൾ സംവേദക പ്രദേശമായി അടയാളപ്പെടുത്തിയിരിക്കുകയാണ്.
ഇതിൽ ജനവാസ മേഖലയേയും കൃഷിയിടങ്ങളേയും പൂർണമായി ഒഴിവാക്കാൻ സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരം സൂക്ഷ്മമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ജനവാസ കേന്ദ്രത്തിലേക്ക് നേരിയ തോതിൽ പ്രവേശിച്ച ഇഎസ്എ അതിരുകൾ തിരുത്തി പുതിയ മാപ്പ് സംസ്ഥാന സർക്കാരിലേക്ക് പഞ്ചായത്ത് സമർപ്പിച്ചു.
ഇഎസ്എ പരിധിയിൽപ്പെട്ട ദേശീയ സുഗന്ധ വിള ഗവേഷണ കേന്ദ്രം, കൃഷി വിജ്ഞാന കേന്ദ്രം, കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ട്, പ്ലാന്റേഷൻ കോർപറേഷൻ എന്നീ സ്ഥാപനങ്ങളെ ഇഎസ്എ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് പഞ്ചായത്ത് ഭരണ സമിതി സംസ്ഥാന സർക്കാരിനോട് ഐക്യകണ്ഠേന ആവശ്യപ്പെട്ടു. ഇതിനു മുമ്പ് മാപ്പിന്റെ അടിസ്ഥാനത്തിൽ സർവകക്ഷി യോഗം കാര്യങ്ങൾ വിലയിരുത്തി അഭിപ്രായങ്ങൾ പഞ്ചായത്ത് ഭരണ സമിതിയെ അറിയിച്ചു. പ്രസിഡന്റ് കെ. സുനിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു, ജനപ്രതിനിധികളായ കെ.എ. ജോസ് കുട്ടി, എം.എം. പ്രദീപൻ, സി.കെ ശശി, ചിപ്പി മനോജ്, ബിന്ദു വത്സൻ, ഇ.എം. ശ്രീജിത്ത്, ലൈസ ജോർജ്, ആലീസ് പുതിയേടത്ത്, ഇ.പി. നുസൃത്ത്, രാജേഷ് തറവട്ടത്ത്, വിനീത മനോജ്, വിനിഷ ദിനേശൻ എന്നിവരും രാഷ്ട്രീയ പാർട്ടി നേതാക്കളും വനം ഉദ്യോഗസ്ഥരും പങ്കെടുത്തു.