പരിസ്ഥിതി സംവേദ പ്രദേശം: പഞ്ചായത്ത് പ്രസിഡന്റുമാർ കളക്ടർക്ക് നിവേദനം നൽകി
1416913
Wednesday, April 17, 2024 5:14 AM IST
താമരശേരി: കസ്തൂരിരംഗൻ, ഗാഡ്ഗിൽ കമ്മിറ്റികളുടെ നിർദ്ദേശങ്ങളുടെ ഭാഗമായി കേരളത്തിലെ 98 വില്ലേജുകളെ പരിസ്ഥിതി സംവേദ പ്രദേശങ്ങളുടെ (ഇഎസ്എ) പട്ടികയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാരിന്റെ ഉന്നതാധികാര സമിതി തയ്യാറാക്കിയ കരട് വിജ്ഞാപനത്തിലെ അപാകതകൾ പരിഹരിക്കുവാൻ പഞ്ചായത്ത് പ്രസിഡന്റുമാർ കോഴിക്കോട് ജില്ലാ കളക്ടർക്ക് നിവേദനം നൽകി.
അപാകത പരിഹരിക്കാൻ ആവശ്യമായ കെഎംഎൽ ഫയലുകൾ, ജിയോ കോർഡിനേറ്റുകൾ, മറ്റു അനുബന്ധ രേഖകൾ തുടങ്ങിയവ സമയബന്ധിതമായി ഗ്രാമപഞ്ചായത്തുകൾക്ക് പരിശോധനകൾക്കായി ലഭ്യമാക്കണമെന്നും അന്തിമ വിജ്ഞാപനത്തിന് ശിപാർശകൾ നൽകുവാനുള്ള സമയപരിധി ആറുമാസം കൂടി ദീർഘിപ്പിച്ചു നൽകണമെന്നും ഫീൽഡ് തല പരിശോധനകൾക്ക് ആവശ്യമായ സാങ്കേതിക വിദഗ്ധരുടെ സേവനം പഞ്ചായത്ത് തലത്തിൽ ലഭ്യമാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശത്തെ പഞ്ചായത്തുകളുടെ പ്രസിഡന്റുമാരായ പ്രേംജി ജെയിംസ് (കട്ടിപ്പാറ), അലക്സ് തോമസ് ചെന്പകശേരി (കോടഞ്ചേരി), നജുമുന്നിസ ഷെരീഫ് (പുതുപ്പാടി), ബിന്ദു ജോണ്സണ് (തിരുവന്പാടി), പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജു ഐസക്, കട്ടിപ്പാറ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഷറഫ് പൂലോട് എന്നിവർ സംയുക്തമായാണ്ജില്ല കളക്ടറെ സന്ദർശിക്കുകയും പ്രദേശവാസികളുടെ ആശങ്കകൾ അറിയിക്കുകയും ചെയ്തത്.
ഇഎസ്എ വിഷയത്തിൽ ആവശ്യമായ ഇടപെടലുകൾ ജില്ലാ ഭരണകൂടം നടത്തുന്നുണ്ടെന്നും സമയം ദീർഘിപ്പിച്ചു നൽകുന്ന നടപടികൾ സർക്കാർതലത്തിൽ സ്വീകരിച്ചു വരുന്നതായും പഞ്ചായത്തുകളുടെ അഭിപ്രായങ്ങളും കൂടി ഉൾപ്പെടുത്തി മാത്രമേ അന്തിമവിജ്ഞാപനത്തിന് ശിപാർശ ചെയ്യുകയുള്ളുവെന്നും കളക്ടർ പറഞ്ഞതായി നിവേദക സംഘം അറിയിച്ചു.