ഒരാഴ്ചക്കുള്ളിൽ കൃഷിയിടത്തിലെ 50 ഓളം തെങ്ങുകൾ നശിപ്പിച്ചു
1396614
Friday, March 1, 2024 4:43 AM IST
കൂരാച്ചുണ്ട്: കക്കയത്തെ കൃഷിയിടങ്ങളിൽ കാട്ടാനകളുടെ വിളയാട്ടം മൂലം നശിച്ചത് ഒട്ടനവധി കാർഷിക വിളകൾ. പഞ്ചായത്ത് നാലാം വാർഡിലെ കക്കയം മുപ്പതാംമൈലിലെ ഒരു കൃഷിയിടത്തിൽ തന്നെ ഒരാഴ്ചക്കിടയിൽ കാട്ടാനകൾ നിലംപരിശാക്കിയത് അൻപതിലേറെ തെങ്ങുകളും കമുകുകളും, വാഴ തുടങ്ങിയ നിരവധി കാർഷിക വിളകളാണ്.
മുപ്പതാംമൈലിലെ കർഷക സഹോദരങ്ങളായ പയ്യടിമീത്തൽ മൊയ്തീൻ ഹാജി, പയ്യടിമീത്തൽ അലവി ഹാജി എന്നിവരുടെ കൃഷിയിടത്തിലെ തെങ്ങുകളും മറ്റുമാണ് കഴിഞ്ഞ രാത്രിയിൽ കാട്ടാനകൾ തകർത്തത്. ദിവസങ്ങൾക്ക് മുമ്പും ഇവിടെ കാട്ടാനകൾ നാശം വിതച്ചിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ടോടെ തന്നെ കല്ലാനോട് മേഖലയിലെ ഡാം റിസർവോയറിന്റെ ഈന്തൻ കടവ് ഭാഗത്ത് എത്തിയ കാട്ടാനകളെ രക്ഷാ സ്ക്വാഡും വനം ജീവനക്കാരും പടക്കം പൊട്ടിച്ചു തുരത്തിയപ്പോൾ ദശരഥൻ കടവ് നീന്തി കടന്നാണ് മുപ്പതാംമൈലിലെ ജനവാസ കേന്ദ്രത്തിൽ എത്തിയത്.
പടക്കം പൊട്ടിച്ചിട്ടും വകവയ്ക്കാതെയാണ് ആനകളുടെ കൃഷിയിടത്തിലേക്കുള്ള കടന്നാക്രമണം. സന്ധ്യാസമയത്ത് കൃഷിയിടത്തിൽ കയറിയ ആനകൾ പുലർച്ചെ അഞ്ചരയോടെയാണ് കാടുകയറിയതെന്നാണ് പ്രദേശവാസികൾ പറഞ്ഞത്.
കൂട്ടമായിറങ്ങുന്ന കാട്ടാനകളെ തടഞ്ഞ് കർഷകർക്ക് രക്ഷ നൽകാൻ ആവശ്യമായ പരിഹാര മാർഗങ്ങൾ നടപ്പിലാക്കാൻ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യം ഉയർത്തുന്നത്.