കല്ലാച്ചിയിൽ ക്വാർട്ടേഴ്സിൽ മാലിന്യം കത്തിച്ചു; പതിനായിരം രൂപ പിഴയിട്ടു
1396125
Wednesday, February 28, 2024 5:10 AM IST
നാദാപുരം: ക്വാർട്ടേഴ്സിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ചതിനെതിരേ കർശന നടപടിയുമായി നാദാപുരം പഞ്ചായത്ത്. കല്ലാച്ചി ടൗണിനടുത്തുളള ഐശ്വര്യ ക്വാർട്ടേഴ്സിലാണ് കഴിഞ്ഞദിവസം മാലിന്യം കത്തിച്ചത്. ഭക്ഷണാവശിഷ്ടങ്ങളും, പേപ്പറുകളും, പ്ലാസ്റ്റിക് കവറുകളും കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. 35 ഓളം ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. സ്ഥാപനത്തിന്റെ പരിസരം വൃത്തിഹീനമാണ്. മാലിന്യങ്ങൾ അലക്ഷ്യമായി പരിസരങ്ങളിൽ തള്ളിയതായി പരിശോധനയിൽ കണ്ടെത്തി.
മാലിന്യം അശ്രദ്ധയോടെയും അപകടകരമായും കൈകാര്യം ചെയ്തതിന് കെട്ടിട ഉടമകൾക്ക് 10000 രൂപ പിഴചുമത്തി നോട്ടീസ് നൽകിയിട്ടുണ്ട്. പരിശോധനയിൽ അസിസ്റ്റന്റ് സെക്രട്ടറി പ്രമാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ് ബാബു, കെ. സജീവൻ എന്നിവർ പങ്കെടുത്തു.