ഫുട്ബോൾ സൗഹൃദ മത്സരം: പന്ത് തട്ടാൻ കളക്ടറും കമ്മീഷണറും
1394900
Friday, February 23, 2024 5:46 AM IST
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ തെരഞ്ഞെടുപ്പ് സ്വീപ് സെൽ ഫുട്ബോൾ സൗഹൃദ മത്സരം സംഘടിപ്പിക്കുന്നു.
25ന് ഉച്ചയ്ക്ക് മൂന്നിന് കോഴിക്കോട് കോർപറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കളക്ടേഴ്സ് ഇലവൻ എഫ്സി, കമ്മീഷണറേഴ്സ് ഇലവൻ എഫ്സി,ഫോറസ്റ്റ് ഇലവൻ എഫ്സി, കാലിക്കട്ട് പ്രസ് ക്ലബ് ഇലവൻ എഫ്സി എന്നീ ടീമുകൾ കൊമ്പുകോർക്കും.
കളക്ടേഴ്സ് ഇലവൻ ഫോറസ്റ്റ് ഇലവനുമായി മാറ്റുരയ്ക്കുമ്പോൾ കമ്മീഷണറേഴ്സ് ഇലവന്റെ എതിരാളി കാലിക്കട്ട് പ്രസ് ക്ലബ് ഇലവനാണ്. ഇരു മാച്ചുകളിലെയും വിജയികൾ ഫൈനലിൽ ഏറ്റുമുട്ടും.
ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽ മീണ എന്നിവർക്ക് പുറമേ ജില്ലാ ഫോറസ്റ്റ് ഓഫീസർ, സബ് കളക്ടർ, അസിസ്റ്റന്റ് കളക്ടർ, പ്രസ് ക്ലബ് ഭാരവാഹികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ബൂട്ടണിയും.