ഹരിതകർമ സേനക്കൊപ്പം കൈകോർത്ത് യുവതയും
1394248
Tuesday, February 20, 2024 7:32 AM IST
കോഴിക്കോട്: യുവജനങ്ങൾക്ക് ഹരിതകർമ സേനയുടെ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കാനും ഹരിതകർമ സേനക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരം നൽകി "ഹരിതകർമ സേനയോടൊപ്പം യുവത’ കാന്പയിൻ. മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ യുവജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് കാന്പയിൻ സംഘടിപ്പിച്ചത്.
കാന്പയിനിന്റെ ജില്ലാ തല ഉദ്ഘാടനം വൃന്ദാവൻ കോളനിയിൽ കോർപറേഷൻ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഡോ. എസ്. ജയശ്രീ നിർവഹിച്ചു.
ജില്ലയിലെ വിവിധ കോളജുകളിൽ നിന്നായി 80 വിദ്യാർഥികൾ പങ്കെടുത്തു. വീടുകളിൽ ചെന്നുള്ള മാലിന്യ ശേഖരണം പരിചയപ്പെടൽ, ശേഖരിച്ച പാഴ്വസ്തുക്കൾ തരം തിരിച്ച് സൂക്ഷിക്കുന്ന എംസിഎഫ് സന്ദർശനം, തരംതിരിവ് പഠനം, തീം സോംഗ് അവതരണം, സംശയ ദൂരീകരണം, പങ്കാളികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം എന്നിവ കാന്പയിന്റെ ഭാഗമായി നടത്തി.