ജീവനക്കാരുടെ പൊതു സ്ഥലമാറ്റ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു
1394245
Tuesday, February 20, 2024 7:32 AM IST
കോഴിക്കോട്: സംസ്ഥാനത്തെ കൃഷിവകുപ്പിന് കീഴിൽ ജോലി ചെയ്തുവരുന്ന കൃഷി അസിസ്റ്റന്റുമാരുടെയും അസിസ്റ്റന്റ് കൃഷി ഓഫീസർമാരുടെയും പൊതുസ്ഥലമാറ്റത്തിൽ അപാകത ഉള്ളതായി അഗ്രികൾച്ചറൽ അസിസ്റ്റന്റ് അസോസിയേഷൻ കേരള കുറ്റപ്പെടുത്തി.
സർക്കാർ ഉത്തരവുകൾക്ക് വിരുദ്ധമായി ഇറങ്ങിയ കരടു പട്ടിക മാനദണ്ഡങ്ങൾക്ക് അനുസൃതമായി പുനപ്രസിദ്ധീകരിക്കുക, സ്ഥലംമാറ്റ റാങ്ക് ലിസ്റ്റ്, മുൻഗണന പട്ടിക എന്നിവ പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിന് മുന്പിൽ ഉത്തരവ് കത്തിക്കലും ധർണയും നടത്തി.
ജില്ലാ പ്രസിഡന്റ് പി.ഷാജിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി സംഘടനയുടെ മേഖലാ സെക്രട്ടറി കെ.കെ. ജാഫർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. റെനീഷ്, ഇ.കെ.സജി, ജില്ലാ കമ്മിറ്റി മെന്പർമാരായ പി.കെ.സജില, കെ.ഗിരീഷ് കുമാർ, ഷാജു കുമാർ, ബി.കെ.രജീഷ് കുമാർ, എം.എസ്.നഷീദ, അബ്ദുൽറഷീദ്, ജില്ലാ കമ്മിറ്റിയംഗം എം.രൂപേഷ് എന്നിവർ സംസാരിച്ചു.