ജില്ലാ സ്കൂൾ കലാമേളയ്ക്ക് അരങ്ങുണർന്നു ; വീറും വാശിയും തർക്കത്തിൽ കലാശിക്കരുതെന്ന് സ്പീക്കർ
1376200
Wednesday, December 6, 2023 7:08 AM IST
പേരാന്പ്ര: കലാകേരളത്തിന് പ്രതീക്ഷയായി കൗമാര പ്രതിഭകളുടെ ആഘോഷ രാവുകൾക്ക് പേരാന്പ്ര എച്ച്എസ്എസിൽ തുടക്കമായി. ഡിസംബർ എട്ട് വരെ 19 വേദികളിലായാണ് കലാമത്സരങ്ങൾ. സ്കൂൾ കലോത്സവത്തിന്റെ പതാക ഉയർത്തൽ വിദ്യാഭ്യാസ ഉപഡയറക്ടർ സി.മനോജ് കുമാർ നിർവഹിച്ചു.
പേരാന്പ്ര ഗ്രാമപഞ്ചായത്ത് അംഗം വിനോദൻ തിരുവോത്ത് അധ്യക്ഷത വഹിച്ചു. കലോത്സവത്തിന്റെ ഉദ്ഘാടനം സ്പീക്കർ എ.എൻ. ഷംസീർ നിർവഹിച്ചു. മഹാത്മ ഗാന്ധി മുന്നോട്ടുവച്ച ആശയങ്ങൾ കലോത്സവ വേദികളിലൂടെ വീണ്ടെടുക്കാൻ സാധിക്കുമെന്ന് എ.എൻ. ഷംസീർ പറഞ്ഞു. ഗാന്ധി മുന്നോട്ടുവെച്ച സഹിഷ്ണുത, അഹിംസാ സിദ്ധാന്തം എന്നിവ പുതുതലമുറയ്ക്ക് വീണ്ടെടുക്കാൻ സാധിച്ചാൽ അതിവേഗത്തിൽ നാട് മുന്നോട്ട് പോകുമെന്നും സ്പീക്കർ പറഞ്ഞു.
കലോത്സവ വേദിയിൽ നല്ല വീറും വാശിയും മത്സരവും കലാ പ്രതിഭകൾ കാഴ്ചവെയ്ക്കണം. എന്നാൽ അത് തർക്കത്തിലേക്കും പിന്നീട് അപ്പീലിലേക്കും പോകുന്ന സാഹചര്യം ഒഴിവാക്കണം. ആരോഗ്യപരമായ രീതിയിൽ വാശിയേറിയ പോരാട്ടമാണ് കാഴ്ചവെക്കേണ്ടതെന്നും സ്പീക്കർ പറഞ്ഞു.
ടി.പി.രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഇ.കെ. വിജയൻ എംഎൽഎ വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ലോഗോ ഉപഹാര സമർപ്പണം നിർവഹിച്ചു.
പേരാന്പ്ര ഹയർ സെക്കൻഡറി സ്കൂളിലും മറ്റിടങ്ങളിലുമായി സജ്ജമാക്കിയ 19 വേദികളിലായാണ് സ്റ്റേജ് മത്സരങ്ങൾ നടക്കുന്നത്. പേരാന്പ്ര എച്ച്എസ്എസ്, ദക്ഷിണാമൂർത്തി ഹാൾ, ജിയുപിഎസ് പേരാന്പ്ര, ബഡ്സ് സ്കൂൾ, ദാറുന്നുജും ആർട് ആന്റ് സയൻസ് കോളജ്, എൻഐഎം എൽപി സ്കൂൾ, സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, സികെജിഎം ഗവ. കോളജ് എന്നിവിടങ്ങളിലാണ് വേദികൾ. 309 ഇനങ്ങളിലായി 17 ഉപജില്ലകളിൽ നിന്നുള്ള പതിനായിരത്തോളം വിദ്യാർഥികളാണ് കലോത്സവത്തിൽ മാറ്റുരക്കുന്നത്.
23-ാം വർഷവും സംസ്കൃത നാടകത്തിൽ പൊയിൽക്കാവ് സ്കൂൾ
പേരാന്പ്ര: കോഴിക്കോട് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം സംസ്കൃത നാടകത്തിൽ ഒന്നാം സ്ഥാനം പൊയിൽക്കാവ് എച്ചഎസ്എസിന്. തുടർച്ചയായി 23 -ാമത്തെ വർഷമാണ് ഈ ബഹുമതി കരസ്ഥമാക്കുന്നത്.
പി.എം.സുരേഷ്ബാബു സംവിധാനം ചെയ്ത അഭിജ്ഞാന ശാകുന്തളം എന്ന നാടകത്തിൽ നിഹാരിക, നയന, മിത്രവിന്ദ, നിരഞ്ജന, കൃഷ്ണ, പ്രതീക്ഷ, ബാലശങ്കർ, അഭിനന്ദ്, ചിത്ര, ആര്യാമിധുൻ എന്നിവർ വേഷമിട്ടു. ഈ നാടകത്തിലെ ദുഷ്യന്തൻ എന്ന കഥാപാത്രം അവതരിപ്പിച്ച നയനയ്ക്ക് മികച്ച നടിക്കുള്ള ബഹുമതിയും ലഭിച്ചു.
ആദ്യദിനം കോഴിക്കോട് സിറ്റി ഉപജില്ലയുടെ മുന്നേറ്റം
പേരാന്പ്ര: പേരാന്പ്ര ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് സിറ്റി ഉപജില്ല 311 പോയിന്റോടെ മുന്നേറുന്നു. രാത്രി എട്ടുമണിയോടെയുള്ള പോയിന്റ് നിലയാണിത്. രാത്രിയിലും മത്സരങ്ങൾ തുടർന്നു. കൊയിലാണ്ടി ഉപജില്ല 282 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുന്നു.
ചേവായൂർ-278, കൊടുവള്ളി-266, തോടന്നൂർ-261 എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നില. സ്കൂളുകളിൽ ചേവായൂർ സിൽവർ ഹിൽസ് 79 പോയിന്റോടെ മുന്നിലാണ്. മടപ്പള്ളി ചോന്പാല ജിവിഎച്ച്എസ്എസ് 75 പോയിന്റോടെ തൊട്ടുപിന്നിൽ നിൽക്കുന്നു. വില്യാപ്പള്ളി ഇഎംജെഎവൈ വിഎച്ച്എസ്എസാണ് മൂന്നാംസ്ഥാനത്ത്. 73 പോയിന്റ്.
വിവിധ വിഭാഗങ്ങളിലെ പോയിന്റ് നില:
യുപി ജനറൽ: വേനപ്പാറ എൽഎഫ് യുപിഎസ്-20, ബിഎംഒയുപിഎസ് കരുവൻതുരുത്തി-20, കല്ലമല യുപിഎസ്-16, വാല്യക്കോട് എയുപിഎസ്-15.
എച്ച്എസ് ജനറൽ: മടപ്പള്ളി ജിഎച്ച്എസ്എസ്-41. ഇഎംജെഎവൈ വിഎച്ച്എസ് വില്യാപ്പള്ളി-35, എംയുഎം വിഎച്ച്എസ്എസ് വടകര-31.
എച്ച്എസ്എസ് ജനറൽ: കൊയിലാണ്ടി ജിഎംവിഎച്ച്എസ്എസ്-50, നരിക്കുനി ജിഎച്ച്എസ്എസ്-50, താമരശേരി ജിവിഎച്ച്എസ്എസ്-46.
യുപി സംസ്കൃതം: ചാത്തമംഗലം എയുപിഎസ്-50, അഴിയൂർ ഈസ്റ്റ് യുപിഎസ്-50. കണ്ണോത്ത് സെന്റ് ആന്റണീസ് യുപിഎസ്-38, എംഎം എയുപിഎസ് ആവിലോറ-33.
എച്ച്എസ് സംസ്കൃതം: നൻമണ്ട സരസ്വതി വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം എച്ച്എസ്-25, മണിയൂർ പഞ്ചായത്ത് എച്ച്എസ്എസ്-18, വട്ടോളി നാഷണൽ എച്ച്എസ്എസ്-15.
യുപി അറബിക്: എംയുഎം വിഎച്ച്എസ്എസ് വടകര-25, കുന്നമംഗലം എച്ച്എസ്എസ്-25.
എച്ച്എസ് അറബിക്: വാണിമേൽ ക്രസന്റ് എച്ച്എസ്എസ്-35, കൊടിയത്തൂർ പിടിഎം എച്ച്എസ്-33, കുറ്റ്യാടി ജിഎച്ച്എസ്എസ്-28.