ചക്കിട്ടപാറ നാടകോത്സവം; "ചിറക്' മികച്ച നാടകം
1374468
Wednesday, November 29, 2023 8:09 AM IST
പേരാമ്പ്ര: ചക്കിട്ടപാറ ഉണ്ണികൃഷ്ണന് മുതുകാട് നഗറില്‍ കൊഴക്കോടൻ കലാ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച അഖില കേരള പ്രൊഫഷണല്‍ നാടക മത്സരത്തില്‍ കോഴിക്കോട് സങ്കീര്‍ത്തനയുടെ "ചിറക്' മികച്ച നാടകമായി തെരഞ്ഞെടുത്തു. ഇതേ നാടകത്തിലെ മീനാക്ഷിയായി വേഷമിട്ട ആദിത്യയെ മികച്ച നടിയായും തെരഞ്ഞെടുത്തു.
ചിറകിന് തൂലിക ചലിപ്പിച്ച പ്രദീപ് കാവുന്തറക്ക് മികച്ച രചയിതാവിനുള്ള പുരസ്കാരം ഉള്‍പ്പെടെ മൂന്ന് പുരസ്കാരങ്ങള്‍ ഈ നാടകം കരസ്ഥമാക്കി. മികച്ച രണ്ടാമത്തെ നാടകം വള്ളുവനാട് നാദം കമ്മ്യൂണിക്കേഷന്റെ "ഊഴം'. ജന പ്രിയനാടകമായി തെരഞ്ഞെടുക്കപ്പെട്ടത് കോഴിക്കോട് സൃഷ്ടി കമ്മ്യൂണിക്കേഷന്‍സിന്റെ "നമ്മള്' എന്ന നാടകമാണ്.
മികച്ച സംവിധായകനായി ഊഴം അണിയിച്ചൊരുക്കിയ സുരേഷ് ദിവാകരനും മികച്ച നടനായി "ആകാശം വരക്കുന്നവര്‍' എന്ന നാടകത്തിലെ കെപിഎസി മംഗളനും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഹാസ്യ നടന് ആകാശം വരക്കുന്നവരിലെ സത്യനും, രംഗപടത്തിന് വിജയന് കടമ്പേരിയും ഉള്‍പ്പെടെ 14 അവാര്‍ഡുകള്‍ വിതരണം ചെയ്തു. അവാര്‍ഡ് ദാന ചടങ്ങ് ഡോ. സി.ജെ. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഡോ. എം.ജി. സുരേഷ് അധ്യക്ഷത വഹിച്ചു.