സ്വപ്ന സാഫല്യം; സഹപാഠിക്ക് വീട് നിർമിച്ചു നൽകി പൂർവ വിദ്യാർഥി കൂട്ടായ്മ
1339704
Sunday, October 1, 2023 7:35 AM IST
കുറ്റ്യാടി: സ്വപ്ന സാഫല്യത്തിന്റെ സന്തോഷത്തിലാണ് ആയഞ്ചേരി റഹ്മാനിയാ ഹയർ സെക്കൻഡറി സ്കൂളിലെ 1990 ബാച്ചിലെ പൂർവ വിദ്യാർഥികൾ. വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയ സഹപാഠിയും മകളുമടങ്ങുന്ന കുടുംബത്തിനാണ് പൂർവ വിദ്യാർഥികൾ കാരുണ്യത്തിന്റെ കൈത്താങ്ങായത്.
സഹപാഠിയും മകളും ഏതു സമയവും തകർന്നു വീഴും എന്ന സ്ഥിതിയിലുള്ള വീട്ടിലാണ് താമസിക്കുന്നതെന്നറിഞ്ഞ ഉടനെ ഒപ്പം ചേർന്ന് പഠിച്ചവർ വീട് നിർമാണത്തിനായി കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. സുമനസുകൾ ഒപ്പം ചേരുമെന്ന പ്രതീക്ഷയോടെ കമ്മിറ്റി അംഗങ്ങൾ വീട് നിർമാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ സ്കൂളിലെ സൂപ്പർ സീനിയേഴ്സും മറ്റുള്ളവരും നന്മ വഴിയിൽ ഒപ്പം ചേരുകയായിരുന്നു.
വീട് നിർമാണം ആരംഭിച്ച് ആറ് മാസം കൊണ്ട് ഒന്പത് ലക്ഷത്തിലധികം രൂപ ചെലവഴിച്ച് വീടിന്റെ മുഴുവൻ പണികളും പൂർത്തിയാക്കി. കുറ്റ്യാടിക്കടുത്ത് നീലേച്ചുക്കുന്നിൽ നിർമിച്ച വീടിന് " സാഫല്യം' എന്നാണ് പേര് നൽകിയിരിക്കുന്നത്. സഹപാഠിക്കൊരു വീടിന്റെ സമർപ്പണവും സ്നേഹസംഗമവും രണ്ടിന് രാവിലെ 11 മണിക്ക് കെ. മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യും.