റോഡ് തകർന്നു; കൈതക്കൊല്ലി സിഎച്ച്സിയിലെത്താൻ പെടാപ്പാട്
1338895
Thursday, September 28, 2023 12:56 AM IST
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ കൈതക്കൊല്ലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേയ്ക്കുള്ള റോഡിന്റെ ടാറിംഗ് തകർന്ന് യാത്ര ദുഷ്കരമായി.
ദിനംപ്രതി ഒട്ടേറെ പേരാണ് ചികിത്സാ ആവശ്യാർഥം ആരോഗ്യകേന്ദ്രത്തിൽ എത്തുന്നത്. റോഡ് പാടെ തകർന്നത് മൂലം പ്രായാധിക്യമുള്ളവർക്കും മറ്റും ഇതുവഴിയുള്ള കാൽനടയാത്ര ദുരിതമായി തീർന്നിട്ടുണ്ട്.
രോഗാവസ്ഥയിലുള്ളവരെ അടിയന്തിര ഘട്ടങ്ങളിൽ വാഹനങ്ങളിൽ ആശുപത്രിയിൽ എത്തിക്കുന്നതിനും ബുദ്ധിമുട്ട് നേരിടുന്നു. അടിയന്തരമായി റോഡിന്റെ ദുരവസ്ഥ പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.