ധനശേഖരണത്തിൽ പങ്കാളികളാവുന്നത് പതിനായിരങ്ങൾ
1338354
Tuesday, September 26, 2023 12:32 AM IST
മുക്കം: രക്താർബുദം ബാധിച്ച വിദ്യാർഥിയുടെ മജ്ജ മാറ്റിവയ്ക്കൽ ചികിത്സിക്കായി നാട് കൈ കോർക്കുന്നു. കൊടിയത്തൂർ പഞ്ചായത്തിലെ ഗോതന്പ് റോഡ് ചെറുതോട് ഹനീഫയുടെയും സാനിതയുടെയും മകനായ അൽത്താഫിനു (18) വേണ്ടിയാണ് കരുണയുടെ കരങ്ങൾ കൈകോർത്ത് നാട് രംഗത്തിറങ്ങിയിട്ടുള്ളത്. ചെറുവാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിയായ അൽത്താഫ് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
എത്രയും വേഗം മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയമാവണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് 50ലക്ഷത്തിലേറെ രൂപ ചിലവ് വരും. കുടുംബത്തിന് ഇതിനുള്ള മാർഗമില്ല.
ഈ സാഹചര്യത്തിലാണ് നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് സഹായ അഭ്യർഥനയുമായി രംഗത്തുവന്നത്. ഇതിന് നേതൃത്വം കൊടുക്കുവാൻ ജീവകാരുണ്യ പ്രവർത്തകനായ ഷമീർ കുന്ദമംഗലവും രംഗത്തുണ്ട്.
കഴിഞ്ഞ ദിവസം പന്നിക്കോട് ആർട്സ് സ്പോർട്സ് ആൻഡ് കൾച്ചറൽ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ അൽത്താഫ് ചികിത്സാ സഹായ നിധിയിലേക്ക് കുട്ടികളായ ഫിസ അബ്ദുലത്തീഫ്, ഫായിസ് ലത്തീഫ് എന്നിവർ തങ്ങളുടെ കുടുക്കയിലെ തുക കമ്മിറ്റിക്ക് നൽകി മാതൃകയായി.
30ഓളം കുട്ടികളാണ് ഇതിനോടകം തങ്ങളുടെ സന്പാദ്യക്കുടുക്കകളുമായി എത്തിയത്. പത്തോളം സ്ത്രീകളാണ് സ്വർണാഭരണങ്ങൾ ഊരി നൽകിയത്. ധനസഹായം നൽകാൻ കഴിയാത്ത് വലിയപറന്പ് സ്വദേശി ഇരുന്പു കൊണ്ടുള്ള വലിയ ഊഞ്ഞാലാണ് അഴിച്ചു നൽകിയത്.
ആടിനെയും കോഴിയെയുമൊക്കെ പിടിച്ചുകൊടുത്തവരും ഉണ്ട്. ഇവയൊക്കെ ലേലത്തിൽ വിൽപന നടത്തിയാണ് പണം സ്വരൂപിക്കുന്നത്. പാസ്കോ പന്നിക്കോട് ഒറ്റ ദിവസം പന്നിക്കോട് അങ്ങാടിയിൽ നിന്ന് ശേഖരിച്ചത് എണ്പതിനായിരത്തിൽപരം രൂപയാണ്. എന്റെ മുക്കം ഒന്നര ലക്ഷത്തിലധികം രൂപ സമാഹരിച്ചു നൽകി. എന്റെ നെല്ലിക്കാപ്പറന്പ് ഉൾപ്പെടെയുള്ള നിരവധി കൂട്ടായ്മകൾ ബസ് സ്റ്റാൻഡുകളിലും നിരത്തുകളിലും പെട്രോൾ പന്പുകളിലും കടകളിലുമെല്ലാം കയറിയിറങ്ങി ധനസമാഹരണത്തിന്റെ തിരക്കിലാണ്. ബഷീർ പുതിയോട്ടിൽ ചെയർമാനും കബീർ കണിയാത്ത് കണ്വീനറുമായി 151 അംഗ അൽത്താഫ് ചികിത്സാ സഹായ ജനകീയ കമ്മിറ്റിയാണ് ധനസമാഹരണത്തിന് നേതൃത്വം നൽകുന്നത്.
ധനസമാഹരണത്തിനായി 0038053000022705 എന്ന അക്കൗണ്ട് സൗത്ത് ഇന്ത്യൻ ബാങ്ക്, കോഴി ക്കോട് മെയിൻ ബ്രാഞ്ചിൽ ഉമ്മ പി. സാനിതയുടെ പേരിൽ ആരംഭിച്ചിട്ടുണ്ട്. ഐഎഫ്എസ് സി കോഡ്: എസ്ഐബിഎൽ 0000038. ഗൂഗിൾ പേ നന്പർ: 9778757075, 9778767706.