ചാലിയാറിൽ ഹൗസ് ബോട്ട് ടൂറിസത്തിന് രണ്ട് ഫ്ളോട്ടിംഗ് ജെട്ടികള്‍ നിര്‍മിക്കുന്നു
1336755
Tuesday, September 19, 2023 7:49 AM IST
കോഴിക്കോട്: ചാലിയാറിൽ ഹൗസ് ബോട്ട് ടൂറിസത്തിന് സൗകര്യമൊരുക്കാൻ രണ്ടു ഫ്ളോട്ടിംഗ് ജെട്ടികള്‍ നിര്‍മിക്കുന്നു. ഫറോക്ക് പഴയ ഇരുമ്പ് പാലത്തിനു സമീപവും ഓൾഡ് എൻഎച്ചിന് സമീപം മമ്മിളിക്കടവിലുമായാണ് ജെട്ടികള്‍ വരുന്നത്.
71 ലക്ഷം ചെലവിലുള്ള പ്രവൃത്തിയുടെ മേല്‍നോട്ടം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനാണ്. വരുന്ന ആഴ്ച പ്രവൃത്തി ആരംഭിക്കും. ചാലിയാറിൽ ഹൗസ് ബോട്ട് സർവീസുകൾ ആരംഭിക്കുന്നതിനും ജലസാഹസിക വിനോദസഞ്ചാരത്തിനുൾപ്പെടെ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും മുന്നോടിയായാണ് പുതിയ പാലത്തിന് സമീപം ചെറുവണ്ണൂർ കരയിൽ മമ്മിളിക്കടവിലും പഴയപാലത്തിനു സമീപവും ചലിക്കുന്ന ബോട്ടു ജെട്ടികൾ നിർമിക്കുന്നത്.
നിലവിൽ ചാലിയാർ കേന്ദ്രീകരിച്ച് സ്വകാര്യ ഏജൻസികൾ ടൂറിസ്റ്റ് ബോട്ട് സർവീസ് നടത്തുന്നുണ്ടെങ്കിലും ഗതാഗത സൗകര്യമുള്ളയിടങ്ങളിൽ ബോട്ട് ജെട്ടികളില്ല.
ഇത് പരിഹരിക്കുന്നതിനും വിനോദ സഞ്ചാര വകുപ്പിന് കീഴിൽ ബോട്ട് സർവീസ് തുടങ്ങുന്നതിനുമായാണ് ജനങ്ങൾക്കെത്താൻ സൗകര്യപ്രദമായ കേന്ദ്രങ്ങളിൽ ബോട്ട് ജെട്ടി കെട്ടുന്നത്. വെള്ളത്തിൽ എച്ച്ഡിപിഇ (ഹൈ ഡെന്‍സിറ്റി പോളി എത്തിലിന്‍) കട്ടകൾ ഉപയോഗിച്ചാണ് നിർമാണം.