കെ-ഫോണ്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നു: ജില്ലയിൽ 13 മണ്ഡലങ്ങൾ കേന്ദ്രീകരിച്ചും പരിപാടികൾ
1300216
Monday, June 5, 2023 12:17 AM IST
കോഴിക്കോട്: എല്ലാവര്ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ-ഫോണ്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നു.
കെ-ഫോണ്‍ ഇന്റര്‍നെറ്റ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് ജില്ലയിലും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ 13 മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചും കെ-ഫോണ്‍ ഉദ്ഘാടന ചടങ്ങുകള്‍ നടക്കും. കുരുവട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രം പരിസരത്ത് നടക്കുന്ന എലത്തൂര്‍ നിയോജക മണ്ഡലതല ഉദ്ഘാടനം വനം മന്ത്രി എ.കെ. ശശീന്ദ്രന് നിര്‍വഹിക്കും.
നല്ലളം സ്കൂളില്‍ നടക്കുന്ന ബേപ്പൂര്‍ മണ്ഡലം ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി പങ്കെടുക്കും. കോഴിക്കോട് സൗത്ത് നിയോജക മണ്ഡലതല ഉദ്ഘാടനം സേവിയോ ഹയര്‍ സെക്കൻഡറി സ്കൂളില്‍ തുറമുഖം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കും. കെ-ഫോണ്‍ പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായി ജില്ലയിലെ 13 മണ്ഡലങ്ങളിലെയും ബിപിഎല്‍ കുടുംബങ്ങള്‍ക്കാണ് കണക്ഷന് നല്‍കുന്നത്. ആദ്യ ഘട്ടത്തിന്റെ ഭാഗമായി ജില്ലയില്‍ ആകെയുള്ള 2614 സര്‍ക്കാര്‍ സ്ഥാപനങ്ങളിലായി 1479 ഓഫീസുകളില്‍ കെ-ഫോണ്‍ കണക്ഷന് ലഭ്യമായി. ഒരു നിയമസഭാ മണ്ഡലത്തില്‍ 100 വീടുകള്‍ എന്ന കണക്കില്‍ 13 നിയമസഭ മണ്ഡലങ്ങളിലെയും 1300 കുടുംബങ്ങള്‍ക്കും കണക്ഷന് നല്‍കും. ഇതില്‍ നിലവില്‍ 1195 ബിപിഎല്‍ കുടുംബങ്ങളില്‍ കെ-ഫോണ്‍ അനുവദിക്കുന്നതിന്റെ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി കണക്ഷന് നല്കുന്ന ജോലികള്‍ ആരംഭിച്ചു.