പേരാമ്പ്ര: ചെറുപയർ, രാഗി, എള്ള്, പയർ തുടങ്ങിയ ചെറുധാന്യങ്ങളുടെ പുനരവതരണത്തിലൂടെ ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് നടുവണ്ണൂരിലെ പുരോഗമന കർഷകൻ ദാസൻ കമ്മങ്കാട്ട്. വിവിധങ്ങളായ കൃഷികളുടെ കേന്ദ്രമായ ദാസന്റെ കൃഷിയിടത്തിൽ ഉള്ളി, പച്ചക്കറികൾ തുടങ്ങിയ മറ്റിനം കൃഷികളാലും സംപുഷ്ടവുമാണ്. പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ നൽകുന്ന ശാസ്ത്രീയ മാർഗങ്ങൾ അവലംബിച്ചുകൊണ്ടാണ് കൃഷികൾ നടത്തിവരുന്നത്. കൂടാതെ ഇദ്ദേഹം ഒരു സെന്റ് സ്ഥലത്ത് നടത്തിവരുന്ന രാഗി കൃഷി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.വ്ലാത്താങ്കര ചീര, ചെറിയ ഉള്ളി, കെഎയു സുസ്ഥിര പുല്ല് എന്നീ പുതിയ വിളകളുടെ പ്രദർശന തോട്ടങ്ങളും കെവികെയുടെ നിർദേശപ്രകാരം ഒരുക്കിയിട്ടുണ്ട്. കൃഷി വിജ്ഞാന കേന്ദ്രം സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റുകളായ ഡോ. പി.എസ്. മനോജ്, ഡോ. കെ.എം. പ്രകാശ് എന്നിവരാണ് കർഷകൻ ദാസന് ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകിവരുന്നത്. പരമ്പരാഗത രീതിയിൽ ചെറുധാന്യങ്ങൾ കൃഷി ചെയ്താൽ സമയാസമയം വിളവെടുക്കാമെന്നാണ് ദാസന്റെ അഭിപ്രായം. കൃഷിത്തോട്ടം കാണാനും പഠിക്കാനുമായി നിരവധി കർഷകരും കൃഷി ഉദ്യോഗസ്ഥരും കൃഷിയിടം സന്ദർശിച്ചു വരികയാണ്. കൃഷിയുടെ വിളവെടുപ്പ് കെവികെ പ്രോഗ്രാം കോർഡിനേറ്റർ ഡോ. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.