നാദാപുരം: വളയം ചുഴലി വള്ള്യാട് അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. ചുഴലി വള്ള്യാട് സ്വദേശികളായ കിണറുള്ള പറമ്പത്ത് ഗോപാലകൃഷ്ണൻ (46) പുനത്തിൽ മനോജൻ (44) എന്നിവരെ വളയം എസ്ഐ വിനീത് വിജയൻ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് നടുപ്പറമ്പത്ത് സൗമിനിയുടെ വീട്ടിൽ മോഷണം നടന്നത്. വീടിന്റെ അലമാരയിൽ സൂക്ഷിച്ച പതിനായിരം രൂപയാണ് മോഷ്ടാക്കൾ കവർന്നത്. വീട്ടിൽ തനിച്ച് താമസിച്ചിരുന്ന ഇവർ രാത്രി ബന്ധുവീട്ടിലാണ് കഴിഞ്ഞത്. രാവിലെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ പൂട്ട് പൊളിച്ച് മോഷണം നടന്നത് ശ്രദ്ധയിൽപ്പെടുന്നത്. അറസ്റ്റിലായ പ്രതികളെ നാദാപുരം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.