89 ലും ശിൽപ നിർമാണത്തിൽ കർമനിരതനാണ് ദാമോദരൻ നമ്പൂതിരി
1279516
Tuesday, March 21, 2023 12:05 AM IST
സി. ഫസൽ ബാബു
മുക്കം: വയസ് 89 ആയെങ്കിലും ശിൽപ നിർമാണത്തിൽ കർമനിരതനാണ് മുക്കം നടുകിൽ പൊയിലിൽ ഇല്ലത്തെ പി.വി. ദാമോദരൻ നമ്പൂതിരി. നമ്പൂതിരിമാരുടെ അടിസ്ഥാന പാരമ്പര്യ അനുഷ്ഠാന കലയായ പാനയം കളി അഥവാ സംഘക്കളിയിലെ ഹാസ്യ വേഷക്കാരനായ ഈ വയോധികന് ഇന്ന് പാഴ്വവസ്തുക്കളോട് ഏറെ പ്രിയമാണ്.
മരക്കഷണങ്ങളും വേരുകളും ചിരട്ടകളും എന്നു വേണ്ട ഏത് പാഴ്വസ്തുക്കളും ദാമോദരന്റെ കയ്യിൽ കിട്ടിയാൽ പിന്നെ അതൊരു മനോഹരമായ ശിൽപമായി മാറും. വഴിയിൽ ഒട്ടേറെ പേരുടെ ചവിട്ടേറ്റും മഴയും വെയിലുമേറ്റും കിടന്ന പാഴ്മരത്തടിയും വേരിൻ കഷ്ണത്തിനുമെല്ലാം ശാപമോക്ഷം നൽകുന്ന പ്രക്രിയ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടായി. പാമ്പ്, കോഴി, അരയന്നം, ചീങ്കണ്ണി, മനുഷ്യർ തുടങ്ങി നൂറിലധികം ശിൽപങ്ങൾ ഈ കരവിരുതിൽ തീർത്തു കഴിഞ്ഞു. നേരത്തെ മനസിൽ ഉറപ്പിച്ച ശിൽപങ്ങളല്ല മരത്തടിയിലും വേരിലും തീർക്കുന്നത്. മറിച്ച് അവയിലേക്ക് സൂക്ഷിച്ച് നോക്കുമ്പോൾ തെളിയുന്ന രൂപങ്ങൾ വേർതിരിച്ചെടുക്കുകയാണ് ചെയ്യുന്നത്. 30 വർഷം മുമ്പ് ഒരു ചിരട്ടക്കഷ്ണത്തിലായിരുന്നു ശിൽപ നിർമാണത്തിന്റെ തുടക്കം. ഒന്നിനും കൊള്ളരുതാത്തതായി ഒന്നുമില്ല എന്ന വലിയ സന്ദേശം കൂടിയാണ് പാഴ്വവസ്തുക്കളിലെ ശിൽപ നിർമാണത്തിലൂടെ ഈ 89കാരൻ പറയുന്നത്.അമ്മയുടെ മരണം മാനസികമായി തളർത്തി തന്റെ 17 മത്തെ വയസിൽ നാടുവിട്ട ദാമോദരൻ നമ്പൂതിരി രണ്ടു വർഷം മംഗലാപുരത്തായിരുന്നു. 20 വയസുമുതൽ ശാന്തി ചെയ്തുവരുന്നു.
നിലമ്പൂർ വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ഇദ്ദേഹം ആര്യാടൻ മുഹമ്മദിന്റെ കൂടെ രാഷ്ട്രീയ പ്രവർത്തനവും നടത്തിയിട്ടുണ്ട്. ചെറുപ്പം മുതൽ കലയെ ഇഷ്ടപ്പെടുന്ന ഈ കലാകാരൻ നിലമ്പൂർ ആയിഷയുടെ കൂടെ നാടകത്തിലും അഭിനയിച്ചു. പാളയം പുതിയ കോവിലകംപറമ്പ് മാരിയമ്മൻ ക്ഷേത്രത്തിലെ ശാന്തിയായാണ് വിരമിച്ചത്. ഭാര്യ സാവിത്രി അന്തർജ്ജനം ഇക്കഴിഞ്ഞ മെയ് 19 നു മരിച്ചു. മൂന്ന് പെണ്ണും രണ്ടാണുമുൾപ്പെടെ അഞ്ച് മക്കളാണ്. ശിൽപ നിർമാണത്തിന് പുറമെ നിരവധി കവിതകളും എഴുതിയിട്ടുള്ള ദാമോദരൻ നമ്പൂതിരി തന്റെ 50 കവിതകൾ ഉൾപ്പെടുത്തി കാവ്യ മഞ്ജരി എന്ന പേരിൽ അവ പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണ് മകൻ ദിവാകരൻ നമ്പൂതിരി.