സമൂഹത്തിൽ പടരുന്ന ഫാസിസത്തെ തിരിച്ചറിയണം: പി.കെ. ഗോപി
1265217
Sunday, February 5, 2023 11:22 PM IST
കോഴിക്കോട്: സ്വാതന്ത്ര്യത്തിന്റെ കല കലഹവുമായി ബന്ധപ്പെട്ടതല്ലെന്നും സമൂഹത്തിൽ പടരുന്ന ഫാസിസത്തെ തിരിച്ചറിയണമെന്നും കവിയും ഗാനരചയിതാവുമായ പി.കെ. ഗോപി അഭിപ്രായപ്പെട്ടു. ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ) ജില്ലാ സമ്മേളനം ജോയിന്റ് കൗൺസിൽ ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യസ്നേഹത്തിന്റെ വക്താക്കളാണ് കലാകാരൻമാർ. പരസ്പരം പോരടിക്കുന്നവർ മനുഷ്യത്വം മറക്കുകയാണ്. സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന അവസ്ഥയിൽ അവ വീണ്ടെടുക്കാൻ കലാകാരൻമാർ അവരുടെ കഴിവുകൾ ഉപയോഗിച്ച് പ്രതികരിക്കണം. കവി കർഷകനാണ്. അവന്റെ സംഗീതവും താളവുമെല്ലാം കലയുമായി ബന്ധപ്പെട്ടതാണ്. വാളെടുക്കുന്നവൻ അല്ല ധീരൻ. രാജ്യം സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ നാളുകളിൽ മനുഷ്യരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി ഉയർത്തുകയും അതിനെ ആക്കം കൂട്ടുകയും ചെയ്തത് ഇപ്റ്റയുടെ കലാകാരന്മാരാണ്. അടിസ്ഥാന വർഗത്തെ ചേർത്തു പിടിക്കാനുള്ള കടമ ഇപ്റ്റയുടേതാണെന്നും പി.കെ. ഗോപി വ്യക്തമാക്കി. ചടങ്ങിൽ ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റ് ടിവി ബാലൻ മുഖ്യ പ്രഭാഷണം നടത്തി. വി.പി രാഘവൻ അധ്യക്ഷത വഹിച്ചു.