കാരശേരി ബാങ്കിൽ സ്വയം തൊഴിൽ സംരംഭക സംഗമം നടത്തി
1262305
Thursday, January 26, 2023 12:19 AM IST
മുക്കം: സ്വയം തൊഴിൽ യൂണിറ്റുകൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന സംരംഭകരുടെ സംഗമം നോർത്ത് കാരശേരിയിലെ കാരശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു.
നബാർഡ്, എൻസിഡിസി, കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് എന്നിവയുടെ സഹകരണത്തോടെ സ്വയം തൊഴിൽ യൂണിറ്റുകൾ ആരംഭിക്കാൻ കാരശേരി ബാങ്ക് അവസരമൊരുക്കുന്ന പദ്ധതിയുടെ ഭാഗമായണ് സംഗമം സംഘടിപ്പിച്ചത്.
സ്വയം തൊഴിൽ യൂണിറ്റ് തെരഞ്ഞെടുക്കുന്നത് മുതൽ ആരംഭിക്കാനും വായ്പകൾ നേടാനും ഉത്പന്നങ്ങൾ വിറ്റഴിക്കാനും ഉൾപ്പെടെ എല്ലാ ഘട്ടങ്ങളിലും ആവശ്യമായ ഉപദേശങ്ങളും സഹായങ്ങളും ഖാദി ബോർഡ് ജീവനക്കാരുടെ സഹായത്തോടെ ലഭ്യമാക്കും. വായ്പകൾക്ക് 25 ശതമാനം മുതൽ 40 ശതമാനം വരെ സബ്സിഡി ലഭിക്കും. പത്തു ലക്ഷം രൂപ വരെ മുതൽ മുടക്കുള്ള സംരംഭങ്ങൾക്കാണ് കാരശേരി ബാങ്കിന്റെ ആഭിമുഖ്യത്തിൽ സഹായം ലഭിക്കുക. സംഗമം ഖാദി ബോർഡ് പ്രോജക്ട് ഓഫീസർ ഷിബി കല്ലൂർ ഉദ്ഘാടനം ചെയ്തു. കാരശേരി ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ അധ്യക്ഷനായി. ഖാദി ബോർഡ് സീനിയർ സൂപ്രണ്ട് വി.വി. രാഘവൻ ക്ലാസ് എടുത്തു. അസിസ്റ്റന്റ് രജിസ്ട്രാർ കെ. ജിഷ, പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ശാന്താദേവി മൂത്തേടത്ത്, പഞ്ചായത്തംഗം ജംഷീദ് ഒളകര, ബാങ്ക് ജനറൽ മാനേജർ എം. ധനീഷ്, ബാങ്ക് ഡയറക്ടർമാരായ എ.പി. മുരളീധരൻ, ഗസീവ് ചാലൂളി, വിനോദ് പുത്രശേരി, കെ. ജെ. ഇമ്മാനുവൽ, അലവിക്കുട്ടി പറമ്പാടൻ, രത്നവല്ലി കല്ലൂർ, റോസമ്മ ബാബു, ദീപ ഷാജു, കെ. മുഹമ്മദ് ഹാജി എന്നിവർ പ്രസംഗിച്ചു.