റിപ്പബ്ലിക് ദിനാഘോഷവും വിവിധ കർമ പദ്ധതികളുടെ ഉദ്ഘാടനവും 26ന്
1262035
Wednesday, January 25, 2023 12:38 AM IST
താമരശേരി: ചമലില് പി.കെ. ശ്രീനേഷ് മെമ്മോറിയല് പബ്ലിക് ലൈബ്രറി കമ്മിറ്റിയും ചമല് സാംസ്കാരിക വേദിയും ഗവ. എല്പി സ്കൂള് പിടിഎയും ചേര്ന്ന് 26ന് റിപ്പബ്ലിക് ദിനാഘോഷവും വിവിധ കർമ പദ്ധതികളുടെ ഉദ്ഘാടനവും നടത്തുമെന്ന് ഭാരവാഹികള് വാര്ത്താ സമ്മേളനത്തില് അറിയിച്ചു.
രാവിലെ ഒന്പതിന് റിപ്പബ്ലിക് ദിന പരിപാടികള് നടത്തും. ലൈബ്രറിക്ക് വേണ്ടി പുസ്തകങ്ങള് ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളില് രാവിലെ പത്തിന് പിടിഎ സഹകരണത്തോടെ നടത്തുന്ന പുസ്തകമേള കട്ടിപ്പാറ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ഷാഹിം ഹാജി ഉദ്ഘാടനം ചെയ്യും.
മേളയില് പുസ്തക ശേഖരണ കൗണ്ടര് പ്രവര്ത്തിക്കും. തുടര്ന്ന് ഉച്ചയ്ക്ക് 12.30 ന് സ്കൂളില് നിന്നും പ്രയാണമാരംഭിക്കുന്ന പുസ്തകവണ്ടി കട്ടിപ്പാറ പഞ്ചായത്തിന്റെ വിവിധ വാര്ഡുകളിലെ സ്വീകരണ സ്ഥലങ്ങളിലും പെരുമ്പള്ളിയിലുമെത്തി പുസ്തകങ്ങള് ഏറ്റുവാങ്ങും. വൈകുന്നേരം ആറിന് "പ്രകാശ ഗ്രാമം' പദ്ധതി കേളന് മുലയില് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്സി തോമസ് ഉദ്ഘാടനം ചെയ്യും. 7.30 ന് ചുണ്ടന് കുഴിയില് സമാപന സമ്മേളനം നടക്കും. ജനപ്രതിനിധികളും സാംസ്കാരിക നേതാക്കളും പങ്കെടുക്കുമെന്നും വാര്ത്താ സമ്മേളനത്തില് പങ്കെടുത്ത എം.എ. അബ്ദുള് ഖാദര്, അമൃത് സാഗര്, സലാം മണക്കടവന് എന്നിവര് അറിയിച്ചു.