പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലേക്ക് മാറ്റുന്നതിനെതിരേ വ്യാപാരികള്‍
1246426
Tuesday, December 6, 2022 11:45 PM IST
സ്വന്തം ലേഖകന്‍
കോഴിക്കോട്: പാളയത്തെ പച്ചക്കറി മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലേക്കു മാറ്റുന്നതിനെതിരേ കടുത്ത പ്രതിഷേധവുമായി വ്യാപാരികള്‍. നഗരത്തിന്റെ കണ്ണായ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലേക്ക് മാറ്റിയാല്‍ നാലായിരത്തോളം തൊഴിലാളികളുടെ തൊഴില്‍ നഷ്ടമാകുമെന്ന് വ്യാപാരികള്‍ പറയുന്നു.
പാളയത്തുനിന്ന് കുടിയൊഴിക്കപ്പെട്ടാല്‍ പലയിടങ്ങളിലായി കച്ചവടം നടത്തുന്നതിനാണ് സാധ്യത. ഇതോടെ അവിടെയുള്ള ചുമട്ട് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജോലി നഷ്ടമാകുമെന്ന് കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു. നിരവധി ഉന്തുവണ്ടിക്കുരും ചുമട്ട് തൊഴിലാളികളും പാളയം മാര്‍ക്കറ്റിനെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്.ആയിരത്തോളം ചുമട്ട് തൊഴിലാളികളാണ് ഇവിടെയുള്ളത്. കൂടാതെ കടകളിലും മറ്റും ജോലി ചെയ്യുന്നവര്‍ വേറെയും.
നഗരത്തില്‍ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലമാണ് പാളയം. ബസ് സ്റ്റാന്‍ഡ് അടുത്തായതിനാല്‍ യാത്രാസൗകര്യവും ഉണ്ട്. വൈകുന്നേരങ്ങളില്‍ ജോലി കഴിഞ്ഞു പോകുന്നവരില്‍ നിന്നാണ് ഭൂരിഭാഗം കച്ചവടവും ലഭിക്കുന്നത്. മാത്രവുമല്ല നൂറുകണക്കിന് ലോറികളാണ് പച്ചക്കറി ലോഡുമായി പാളയത്തിലേക്ക് എത്താറുള്ളത്.
സൗകര്യം കുറഞ്ഞ സ്ഥലത്ത് എത്തിയാല്‍ ലോഡ് ഇറക്കുന്നതിനെ ഉള്‍പ്പെടെ ഇത് ബാധിക്കും. കല്ലുത്താന്‍ കടവില്‍ രണ്ട് ഏക്കറോളം വരുന്ന ചതുപ്പ് നിലമാണുള്ളത്. കനോലി കനാലിനോട് ചേര്‍ന്ന ഈ പ്രദേശം മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലം കൂടിയാണെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തുന്നു. മാര്‍ക്കറ്റ് പാളയത്ത് തന്നെ നിലനിര്‍ത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം. പാളയത്ത് റോഡ് വീതി കൂട്ടി ഗതാഗതകുരുക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോര്പറേഷന് ഈ പദ്ധതി കൊണ്ടുവന്നത്. കല്ലുത്താന്‍കടവില്‍ പുതിയ പച്ചക്കറിക്കറ്റിന്റെ പണി അവസാന ഘട്ടത്തിലാണ്. അടുത്ത വര്‍ഷത്തോടെ പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലേക്ക് മാറ്റാനാണ് കോര്‍പറേഷന്റെ നീക്കം. ഇതിനായി 13 കോടിയേളം രൂപയാണ് കോര്പറേഷന് അനുവദിച്ചിട്ടുളളത്.പാളയത്ത് പുതിയ വികസന പദ്ധതികള്‍ കൊണ്ടുവരും.