ജനശ്രദ്ധ തിരിച്ച് വിടാൻ ശ്രമം: യുഡിഎഫ്
1245519
Sunday, December 4, 2022 12:36 AM IST
കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോഴിക്കോട് കോര്‍പറേഷന്റെ 15 കോടി കവര്‍ന്ന വെട്ടിപ്പിനെ കുറിച്ച് ഉയര്‍ന്നുവന്ന വിവാദത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള സിപിഎം തന്ത്രത്തിന്റെ ഭാഗമാണ് മേയര്‍ഭവന്‍ അക്രമ കഥയെന്ന് യുഡിഎഫ് കൗണ്‍സില്‍ പാര്‍ട്ടി. കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കാന്‍ പ്രത്യേകമായി കത്ത് നല്‍കിയിരുന്നുവെങ്കിലും നേരത്തെ നിശ്ചയിച്ച യോഗം പോലും മാറ്റിവെച്ചു.
ഈ സാഹചര്യത്തില്‍ ജനപ്രതിനിധികള്‍ എന്ന നിലയില്‍ മേയറെ കണ്ട് വിവരങ്ങള്‍ അറിയാനാണ് ഓഫീസിലും മേയർഭവനിലും എത്തിയത്. എന്നാല്‍ മേയര്‍ അവിടെ ഉണ്ടായിരുന്നില്ല. കോര്പറേഷന് സെക്രട്ടറിയെ കണ്ടപ്പോള്‍ സൗഹൃദവുമായി മുന്നോട്ടുവരികയും വിവരങ്ങള്‍ തിരക്കുകയുമാണ് ഉണ്ടായത്. സൗഹൃദപരമായി മുന്നോട്ടുപോയ ചര്‍ച്ചയില്‍ നിന്ന് പെട്ടെന്ന് തന്നെ വെല്ലുവിളി ഉയര്‍ത്തി സെക്രട്ടറി എഴുന്നെറ്റ് പോയി. ഈ സംഭവത്തെ കുറിച്ച് സിപിഎമ്മും ഭരണസമിതിയും ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണം അതിശയോക്തിപരവും അടിസ്ഥാനരഹിതവുമാണെന്നും യുഡിഎഫ് പറഞ്ഞു.